ഒട്ടാവ: അമിതവണ്ണം കുറയ്ക്കുന്നതിനായുള്ള ആദ്യ ജനറിക് സെമാഗ്ലൂട്ടൈഡ് ഇഞ്ചക്ഷന് ഹെൽത്ത് കാനഡ അനുമതി നൽകി. കനേഡിയൻ മരുന്ന് നിർമ്മാണ കമ്പനിയായ ‘അപോടെക്സ്’ (Apotex) വികസിപ്പിച്ച ‘Svemia’ എന്ന മരുന്നിനാണ് ഈ ഔദ്യോഗിക അംഗീകാരം ലഭിച്ചത്. ആഗോളതലത്തിൽ പ്രശസ്തമായ ‘വേഗോവി’ (Wegovy) എന്ന ബ്രാൻഡ് മരുന്നിന് പകരമായി ഉപയോഗിക്കാവുന്ന ചെലവ് കുറഞ്ഞ ജനറിക് പതിപ്പാണിത്.
12 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവരിലെ അമിതവണ്ണം ദീർഘകാലത്തേക്ക് നിയന്ത്രിച്ചു നിർത്താനാണ് ആഴ്ചയിലൊരിക്കൽ നൽകുന്ന ഈ ഇഞ്ചക്ഷൻ ഉപയോഗിക്കുന്നത്. ഡോക്ടർമാർ നിർദ്ദേശിക്കുന്ന കൃത്യമായ ഭക്ഷണക്രമത്തിനും വ്യായാമത്തിനുമൊപ്പമാണ് ഈ മരുന്ന് നൽകേണ്ടതെന്ന് ഹെൽത്ത് കാനഡ അറിയിച്ചു. നിലവിൽ കാനഡയിൽ ടൈപ്പ്-2 പ്രമേഹ ചികിത്സയ്ക്കായി മറ്റ് രണ്ട് ജനറിക് സെമാഗ്ലൂട്ടൈഡ് മരുന്നുകൾക്ക് മുൻപ് അനുമതി നൽകിയിട്ടുണ്ടെങ്കിലും, അമിതവണ്ണ നിയന്ത്രണത്തിനായി മാത്രം ഒരു ജനറിക് മരുന്നിന് അംഗീകാരം ലഭിക്കുന്നത് ഇതാദ്യമായാണ്.
നേരത്തെ, പ്രമേഹ ചികിത്സയ്ക്കുള്ള ‘ഓസെംപിക്’ (Ozempic) എന്ന മരുന്നിന്റെ ജനറിക് പതിപ്പുകൾ നിർമ്മിക്കാൻ ഇന്ത്യയിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസിനും അപോടെക്സിനും ഹെൽത്ത് കാനഡ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അമിതവണ്ണത്തിനുള്ള പുതിയ മരുന്നിന്റെ വരവ്. നിലവിൽ വിവിധ കമ്പനികൾ സമർപ്പിച്ച ആറ് ജനറിക് മരുന്നുകളുടെ അപേക്ഷകൾ കൂടി ഹെൽത്ത് കാനഡയുടെ പരിഗണനയിലുണ്ട്. വരും മാസങ്ങളിൽ ഇവയിൽ കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് ഔദ്യോഗിക വിവരം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Health Canada approves first generic weight loss injection; 'Svemia' to hit the market soon






