ഒട്ടാവ: പ്രമേഹ ചികിത്സയിലും ശരീരഭാരം കുറയ്ക്കുന്നതിനും ലോകമെമ്പാടും തരംഗമായ ‘ഓസെംപിക്’ മരുന്നിന്റെ ആദ്യ ജനറിക് പതിപ്പിന് കാനഡ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. ഇതോടെ, ഈ വിഭാഗത്തിൽ ജനറിക് സെമാഗ്ലൂട്ടൈഡ് അംഗീകരിക്കുന്ന ആദ്യ ജി7 രാജ്യമായി കാനഡ മാറി. ഇന്ത്യൻ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് വികസിപ്പിച്ച ഈ കുത്തിവെപ്പ് മരുന്ന് മുതിർന്നവരിലെ ടൈപ്പ്-2 പ്രമേഹ ചികിത്സയ്ക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
ബ്രാൻഡ് മരുന്നുകളെ അപേക്ഷിച്ച് ജനറിക് പതിപ്പുകൾക്ക് 45 മുതൽ 90 ശതമാനം വരെ വിലക്കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഹെൽത്ത് കാനഡ അറിയിച്ചു. നിലവിൽ വിപണിയിലുള്ള ഓസെംപിക്കിന് മാസം തോറും നൂറുകണക്കിന് ഡോളറാണ് ചിലവ് വരുന്നത്. എന്നാൽ കൂടുതൽ കമ്പനികൾ വിപണിയിലെത്തുന്നതോടെ മരുന്നിന്റെ വില പടിപടിയായി കുറയും. മൂന്നോ അതിലധികമോ ജനറിക് ഉൽപ്പന്നങ്ങൾ ലഭ്യമാകുന്നതോടെ ബ്രാൻഡ് മരുന്നിന്റെ വെറും 35 ശതമാനം വിലയ്ക്ക് ഇത് ലഭ്യമാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്.
ബ്രാൻഡ് മരുന്നിന് തുല്യമായ ഗുണനിലവാരവും സുരക്ഷിതത്വവും ഈ ജനറിക് പതിപ്പിനുമുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉറപ്പുനൽകുന്നു. ഡോ. റെഡ്ഡീസിനെ കൂടാതെ എട്ട് കമ്പനികളുടെ കൂടി അപേക്ഷകൾ നിലവിൽ കാനഡയുടെ പരിഗണനയിലാണ്. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത സാധാരണക്കാർക്കും ആരോഗ്യ മേഖലയ്ക്കും വലിയ സാമ്പത്തിക ആശ്വാസം നൽകുന്നതാണ് ഈ പുതിയ നീക്കം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Health Canada approves first generic version of Ozempic




