ഒട്ടാവ: കാട്ടുതീ കാരണം ഉണ്ടാകുന്ന പുക അന്തരീക്ഷത്തിൽ പടരുന്നത് ആളുകളിൽ കടുത്ത മൈഗ്രേനിനും തലവേദനയ്ക്കും കാരണമാകുന്നുവെന്ന് കാനഡയിൽ നടത്തിയ പുതിയ പഠനത്തിൽ കണ്ടെത്തൽ. ഹെൽത്ത് കാനഡയിലെ ഗവേഷകർ ആൽബെർട്ട, ഒന്റാറിയോ എന്നീ സ്ഥലങ്ങളിലെ എമർജൻസി വിഭാഗങ്ങളിൽ എത്തിയ പത്ത് ലക്ഷത്തോളം രോഗികളുടെ വിവരങ്ങൾ പരിശോധിച്ച് തയ്യാറാക്കിയ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കാട്ടുതീ പുകയിലടങ്ങിയിരിക്കുന്ന കണ്ണിൽ കാണാത്ത സൂക്ഷ്മ കണികകളുടെ (PM 2.5) അളവ് വായുവിൽ കൂടുമ്പോൾ, കടുത്ത തലവേദന കാരണം ചികിത്സ തേടി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ ആറ് ശതമാനത്തിന്റെ വർധനവുണ്ടാകുന്നു എന്ന് പഠനത്തിൽ പറയുന്നു.
കാനഡയിൽ കാട്ടുതീ ഏറുകയും കിലോമീറ്ററുകളോളം പുക പടരുകയും ചെയ്യുന്ന സാഹചര്യം പതിവാണ്. നിലവിൽ കാനഡയുടെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ജനസംഖ്യയിൽ 14 ശതമാനത്തോളം ആളുകളെ ബാധിക്കുന്ന പ്രശ്നമാണ് മൈഗ്രേൻ. കാലാവസ്ഥാ വ്യതിയാനം, മാനസിക സമ്മർദ്ദം, പുക ശ്വസിക്കൽ എന്നിവ മൈഗ്രേൻ ഉള്ളവരുടെ അവസ്ഥ പെട്ടെന്ന് വഷളാക്കാൻ ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
വായുവിന്റെ ഗുണനിലവാരം കുറയുന്ന ദിവസങ്ങളിൽ കടുത്ത രോഗലക്ഷണങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. വായുമലിനീകരണം കൂടുതലുള്ള ദിവസങ്ങളിൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക, വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടുക, എയർ ഫിൽട്ടറുകൾ ഉപയോഗിക്കുക എന്നിവ പ്രധാനമാണ്. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങേണ്ടി വന്നാൽ N95 മാസ്കുകൾ ധരിക്കണം. പുക കാരണം തലവേദന അടക്കമുള്ള പ്രയാസങ്ങൾ വർധിക്കുകയാണെങ്കിൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഡോക്ടറുടെ സേവനം തേടണമെന്നും നിർദേശമുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Headaches emerge as a major issue amidst wildfire smoke; study reveals a sharp rise in the number of people visiting hospitals.






