ഹാലിഫാക്സ്: പുതിയ നിർമ്മാണങ്ങൾക്ക് കുടിവെള്ള, മലിനജല ശൃംഖലകളിലേക്ക് കണക്ഷൻ നൽകുന്നതിനുള്ള ഫീസിൽ വൻ വർധനവ് വരുത്താൻ നിർദ്ദേശിച്ച് ഹാലിഫാക്സ് വാട്ടർ. പ്രാദേശിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ചെലവുകൾ കണ്ടെത്തുന്നതിനാണ് റീജിയണൽ ഡെവലപ്മെന്റ് ചാർജിൽ മാറ്റം വരുത്താൻ നോവ സ്കോഷ്യ റെഗുലേറ്ററി ആൻഡ് അപ്പീൽസ് ബോർഡിന് അപേക്ഷ സമർപ്പിച്ചതെന്ന് അതോറിറ്റി അറിയിച്ചു. നിർദ്ദേശം അംഗീകരിക്കപ്പെടുകയാണെങ്കിൽ ഒരൊറ്റ വീടുകൾക്കും മൾട്ടി-യൂണിറ്റ് കെട്ടിടങ്ങൾക്കുമുള്ള വാട്ടർ ഫീസിൽ 650 ശതമാനവും മലിനജല നിരക്കുകളിൽ 265 ശതമാനവും വർധനവുണ്ടാകും.
സമർപ്പിച്ച അപേക്ഷ പ്രകാരം, ഒറ്റ യൂണിറ്റ് നിർമ്മാണങ്ങൾക്കുള്ള വാട്ടർ കണക്ഷൻ ഫീസ് 1,921 ഡോളറിൽ നിന്ന് 14,417 ഡോളറായും, മലിനജല കണക്ഷൻ ഫീസ് 6,126 ഡോളറിൽ നിന്ന് 22,388 ഡോളറായും ഉയരും. മൾട്ടി-യൂണിറ്റ് കെട്ടിടങ്ങൾക്ക് ഒരു യൂണിറ്റിന് വാട്ടർ ഫീസ് 1,290 ഡോളറിൽ നിന്ന് 9,683 ഡോളറായും മലിനജല നിരക്ക് 4,115 ഡോളറിൽ നിന്ന് 15,037 ഡോളറായും വർദ്ധിക്കും. നിലവിലുള്ള ഉപഭോക്താക്കളുടെ വാട്ടർ, വേസ്റ്റ് വാട്ടർ ബില്ലുകളെ ഈ നിരക്ക് വർധനവ് ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
നിരക്കുകൾ ഒറ്റയടിക്ക് വർദ്ധിപ്പിക്കുന്നത് നിർമ്മാണ വേഗതയെയും പാർപ്പിടങ്ങളുടെ വിലയെയും പ്രതികൂലമായി ബാധിക്കുമെന്ന് കൺസ്ട്രക്ഷൻ അസോസിയേഷൻ ഓഫ് നോവ സ്കോഷ്യ സി.ഇ.ഒ ഡങ്കൻ വില്യംസ് പറഞ്ഞു. 2019-ന് ശേഷം ആദ്യമായാണ് നിരക്കുകൾ പരിഷ്കരിക്കുന്നത് എന്നും, ജനസംഖ്യാ വർധനവും നിർമ്മാണ സാമഗ്രികളുടെയും തൊഴിൽ ശക്തിയുടെയും ചെലവ് വർദ്ധിച്ചതുമാണ് ഫീസ് കൂട്ടാൻ കാരണമെന്നും ഹാലിഫാക്സ് വാട്ടർ ജനറൽ മാനേജർ കെന്ന മക്കെൻസി വ്യക്തമാക്കുന്നു. ഘട്ടംഘട്ടമായി നിരക്ക് വർധനവ് നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സർക്കാർ നിർദ്ദേശിച്ചിരുന്ന ഫീസ് മരവിപ്പിക്കൽ 2026 നവംബറിൽ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. റഗുലേറ്ററി ബോർഡിന്റെ പരിശോധനകൾ പൂർത്തിയായി വരും ശൈത്യകാലത്തോ അതിനു ശേഷമോ മാത്രമേ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരികയുള്ളൂ എന്ന് അധികൃതർ അറിയിച്ചു. അതിനിടയിൽ ഫെഡറൽ സർക്കാരിൽ നിന്നുള്ള ധനസഹായം ഉപയോഗിച്ച് ഈ സാമ്പത്തിക ഭാരം കുറയ്ക്കാൻ സാധിക്കുമോ എന്ന് ഹാലിഫാക്സ് നഗരസഭയും വാട്ടർ അതോറിറ്റിയും പരിശോധിച്ചുവരികയാണ്.
Halifax Water proposes 650% increase in water connection rates
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt








