ടൊറന്റോ: കാനഡയിലെ പ്രശസ്തമായ ‘കാനഡാസ് വണ്ടർലാൻഡ്’ അമ്യൂസ്‌മെന്റ് പാർക്കിൽ വിനോദസഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാർക്കിലെ ‘ലമ്പർജാക്ക്’ (Lumberjack) എന്ന ജനപ്രിയ റൈഡ് തകരാറിലായത് ആശങ്കയായി. 360 ഡിഗ്രിയിൽ വായുവിൽ കറങ്ങുന്ന ഈ റൈഡ്, യാത്രക്കാരുമായി തലകീഴായി നിൽക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. റൈഡ് അതിന്റെ സാധാരണ സൈക്കിൾ പൂർത്തിയാക്കുന്നതിൽ പരാജയപ്പെടുകയും പെട്ടെന്ന് നിലച്ചുപോവുകയുമായിരുന്നു. ഇതോടെ ആകാശത്ത് തലകീഴായി കുടുങ്ങിപ്പോയ യാത്രക്കാർ ഇതോടെ പരിഭ്രാന്തിയിലായി.
യാത്രക്കാർക്ക് ഏകദേശം ഒമ്പത് മിനിറ്റോളം തലകീഴായി ഇരിക്കേണ്ടി വന്നു എന്നാണ് സംഭവത്തെക്കുറിച്ച് പാർക്ക് അധികൃതർ നൽകുന്ന വിവരം. തുടർന്ന് റൈഡിൽ നിന്നും സ്റ്റേഷനിൽ നിന്നും ആളുകളെ പൂർണ്ണമായി സുരക്ഷിതരായി പുറത്തെത്തിക്കാൻ മറ്റൊരു പത്ത് മിനിറ്റും കൂടി വേണ്ടിവന്നു. ഉടൻതന്നെ സ്ഥലത്തെത്തിയ ഫസ്റ്റ് എയ്ഡ് ജീവനക്കാർ യാത്രക്കാരെ പരിശോധിക്കുകയും ആവശ്യമായ വൈദ്യസഹായം നൽകുകയും ചെയ്തു. ആർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നതെന്നും, ആവശ്യമായ പരിശോധനകളും അറ്റകുറ്റപ്പണികളും പൂർത്തിയാക്കുന്നത് വരെ ഈ റൈഡ് പ്രവർത്തിക്കില്ലെന്നും അധികൃതർ അറിയിച്ചു. എന്താണ് പെട്ടെന്നുള്ള സാങ്കേതിക തകരാറിന് കാരണമെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ ഇപ്പോൾ.
Guests get stuck upside down on ride at Canada’s Wonderland
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






