കാൻമോർ: വനപാതയിലൂടെ നടന്നുപോകുന്ന കൂറ്റൻ ഗ്രിസ്ലി കരടിയുടെ തൊട്ടടുത്തേക്ക് ബെൽറ്റോ ലൈൻ ചങ്ങലയോ ഇല്ലാതെ വളർത്തുനായ ഓടിയെത്തിയ സംഭവത്തിൽ ഉടമയായ യുവതിക്ക് പിഴ ചുമത്തി കനേഡിയൻ കോടതി. വന്യജീവി നിയമങ്ങൾ ലംഘിച്ച് നായയെ തുറന്നുവിട്ടതിന് വാഷിംഗ്ടൺ സ്വദേശിയായ ബ്രൂക്ക് കൊസ്കിക്കാണ് 1,500 കനേഡിയൻ ഡോളർ പിഴ ശിക്ഷ വിധിച്ചത്.
ആൽബർട്ടയിലുള്ള കാൻമോർ കോർട്ട് ഓഫ് ജസ്റ്റിസിന് മുൻപാകെ കഴിഞ്ഞ ദിവസം ഹാജരായ ബ്രൂക്ക്, തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സമ്മതിക്കുകയും കോടതിയിൽ പൊട്ടിക്കരയുകയും ചെയ്തു. “ഞങ്ങൾ വലിയൊരു പാഠം പഠിച്ചുകഴിഞ്ഞു” എന്ന് വിതുമ്പലോടെയാണ് ബ്രൂക്ക് കോടതിയോട് പറഞ്ഞത്. കഴിഞ്ഞ ജൂലൈ 19-നാണ് പ്രശസ്തമായ ബാൻഫ് ദേശീയ പാർക്കിൽ വെച്ച് ഈ അപകടകരമായ സംഭവം നടന്നത്.
ബ്രൂക്കും ഭർത്താവും ടൈലർ ലേക്ക് ട്രെക്കിംഗ് നടത്തുന്നതിനിടെ നായ്ക്കളെ തുറന്നുവിടുകയായിരുന്നു. തൊട്ടടുത്തായി വനമേഖലയിൽ പ്രശസ്തമായ ഗ്രിസ്ലി ‘ബെയർ 142’ എന്ന ഭീമൻ കരടി പ്രത്യക്ഷപ്പെട്ടു. 90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ശാന്തയായി നടന്നുപോകുന്ന കരടിക്ക് തൊട്ടരികിലേക്ക് ഇവരുടെ വളർത്തുനായ ഓടിച്ചെല്ലുന്നത് കാണാം. കരടിയെ ഭയപ്പെടുത്താൻ ശ്രമിക്കുന്ന നായ ദമ്പതികൾക്കിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുമുണ്ടായിരുന്നു. ഭർത്താവ് കൈയിൽ ബെയർ സ്പ്രേയുമായി കരടിയോട് പിന്നോട്ട് പോകാൻ ഉറക്കെ ആക്രോശിക്കുന്നതും വീഡിയോയിലുണ്ട്. ഈ ദൃശ്യങ്ങൾ ടിക് ടോക്കിൽ വൈറലാവുകയും ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും ചെയ്തതോടെയാണ് സംഭവം പാർക്സ് കാനഡ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നതും നിയമനടപടികളിലേക്ക് നീങ്ങിയതും.
READ MORE : ഒൻ്റാരിയോയിലാണോ താമസം, പുതിയ വാടക നിയമങ്ങൾ വരുന്നു:അറിയേണ്ട പ്രധാന മാറ്റങ്ങൾ ഇതാ
അപകടകരമായ ഇത്തരം സംഭവങ്ങളിൽ കാനഡ നാഷണൽ പാർക്സ് ആക്ട് പ്രകാരം 25,000 കനേഡിയൻ ഡോളർ വരെ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ട്. അതിനാൽ തന്നെ 1,500 ഡോളർ പിഴ ശിക്ഷ വളരെ കുറഞ്ഞുപോയെന്നാണ് വന്യജീവി സംരക്ഷകരും പരിസ്ഥിതി പ്രവർത്തകരും വാദിക്കുന്നത്. തുറന്നുവിട്ട നായ്ക്കൾ കരടിയെ പ്രകോപിപ്പിച്ചിരുന്നെങ്കിൽ ആളുകളുടെയോ മറ്റ് മൃഗങ്ങളുടെയോ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നു എന്നാണ് ഇവരുടെ വാദം. എന്നാൽ, ദമ്പതികളുടെ റെക്കോഡുകളിൽ ഇതിന് മുൻപ് മറ്റ് കേസുകളൊന്നും ഇല്ലാത്തതിനാലും, തെറ്റ് തികച്ചും അബദ്ധത്തിൽ സംഭവിച്ചതാണെന്ന് അവർ സമ്മതിച്ചതിനാലുമാണ് പിഴത്തുക കുറച്ചതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





