അദേഴ്സ് സിനിമയുടെ വാർത്താ സമ്മേളനത്തിനിടെ ബോഡി ഷെയ്മിങ് നടത്തിയ തമിഴ് യൂട്യൂബ് മീഡിയക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ചിത്രത്തിലെ നടനോട് ഗൗരിയുടെ ഭാരത്തെ പറ്റിയാണ് ഓൺലൈൻ മാധ്യമപ്രവർത്തകൻ ചോദിച്ചത്. ഇതോടെയാണ് ചോദ്യത്തെ വിമർശിച്ച് ഗൗരി രംഗത്തെത്തിയത്.
‘എൻറെ ഭാരം എങ്ങനെ ആണ് സിനിമയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഇത് തീരെ ബഹുമാനമില്ലാത്ത ചോദ്യമാണ്. എല്ലാ സ്ത്രീകളും വ്യത്യസ്തരാണ്. എൻറെ ഭാരം അറിഞ്ഞിട്ട് നിങ്ങൾ എന്ത് ചെയ്യാൻ പോവുകയാണ്. വണ്ണം വച്ചിരിക്കണോ വേണ്ടയോ എന്നുള്ളത് എൻറെ ഇഷ്ടമാണ്. നിങ്ങളുടെ അംഗീകാരം എനിക്ക് വേണ്ട. എന്തുകൊണ്ടാണ് നടിമാരോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്. ഹീറോയോട് പോയി ഭാരം എത്രയാണെന്ന് ചോദിക്കുമോ? എനിക്കിത് തമാശയായി തോന്നുന്നില്ല, ബോഡി ഷെയിമിങ്ങിനെ നോർമലൈസ് ചെയ്യരുത്. ഈ സിനിമയെ പറ്റിയോ എൻറെ കഥാപാത്രത്തെ പറ്റിയോ ഒരു ചോദ്യം പോലുമില്ല, ഈ സാറിൻറെ എൻറെ ഭാരം എത്രയാണെന്നാണ് അറിയേണ്ടത്,’ ഗൗരി പറഞ്ഞു.
സഹനടൻ ആദിത്യ മാധവൻ ഗൗരിയെ എടുത്തുയർത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഗൗരിയുടെ ഭാരത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് പ്രതികരിക്കാൻ കഴിയാതിരുന്ന ഗൗരി, പിന്നീട് ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. വ്യാഴാഴ്ച ചിത്രത്തിന്റെ പ്രസ് സ്ക്രീനിങ്ങിന് ശേഷം ആ ചോദ്യത്തെ മാധ്യമപ്രവർത്തകൻ ന്യായീകരിക്കാൻ ശ്രമിക്കുകയും ശബ്ദമുയർത്തുകയും ചെയ്തതോടെ ഗൗരി നേരിട്ട് പ്രതികരിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ശ്രദ്ധനേടിയതോടെ ഗൗരിയുടെ നിലപാടിന് പിന്തുണ നൽകി നിരവധി താരങ്ങൾ രംഗത്തെത്തി. ഗായിക ചിന്മയി ശ്രീപദ ഉൾപ്പെടെ ഗൗരി കിഷന് പിന്തുണയായി സാമൂഹിക മാധ്യമങ്ങിളിൽ പ്രതികരിച്ചു. സംഭവസമയത്ത് മൗനം പാലിച്ചതിന് നടനും സംവിധായകനുമുൾപ്പെടെയുള്ളവർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുയരുന്നുമുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Gouri Kishan faced body shaming at a press meet for the movie ‘Others’ and responded strongly.






