കേരളത്തിലെ നിർമാണ കമ്പനികളും കരാറുകാരും ടിക്കറ്റും യാത്രാച്ചെലവും നൽകി കൊണ്ടുവരുന്ന അതിഥിത്തൊഴിലാളികളെ റെയിൽവേ സ്റ്റേഷനുകളിൽവെച്ച് മറ്റ് സംഘങ്ങൾ തട്ടിയെടുക്കുന്നതായി പരാതി. ചെന്നൈ, മംഗളൂരു എന്നീ പ്രധാന സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. കൂടുതൽ കൂലി വാഗ്ദാനം ചെയ്ത് തൊഴിലാളികളെ വഴിതിരിച്ചുവിടുന്നതിനാൽ വലിയ തുക മുൻകൂർ നൽകി ഇവരെ കാത്തിരിക്കുന്ന കേരളത്തിലെ ബിൽഡർമാരും കരാറുകാരും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ, പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും തൊഴിലാളികൾ കേരളത്തിലേക്ക് വരുന്നത്. കൊൽക്കത്തയിലെ ഹൗറ സ്റ്റേഷനിൽനിന്ന് യാത്ര തിരിക്കുമ്പോൾത്തന്നെ തൊഴിലാളികളുടെ ആധാർ കാർഡും ചിത്രങ്ങളും കരാറുകാർക്ക് അയച്ചുനൽകാറുണ്ട്. എന്നാൽ, ട്രെയിൻ ചെന്നൈയിലോ മംഗളൂരുവിലോ എത്തുമ്പോൾ ഇടനിലക്കാരായ ഏജന്റുമാർ റെയിൽവേ സ്റ്റേഷനിൽവെച്ച് ഉയർന്ന കൂലി വാഗ്ദാനം ചെയ്ത് ഇവരെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മറ്റ് നിർമാണ സൈറ്റുകളിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. അടുത്തിടെ 200 പേരടങ്ങുന്ന തൊഴിലാളി സംഘത്തെ കാത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന കരാറുകാരന് 20 പേരെ മാത്രമാണ് ലഭിച്ചതെന്ന് ബിൽഡേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കുന്നു.
കോവിഡ് കാലത്തിന് സമാനമായ രീതിയിൽ കേരളത്തിലെ നിർമാണ മേഖല ഇപ്പോൾ കടുത്ത തൊഴിലാളി ക്ഷാമം നേരിടുകയാണ്. നിലവിൽ തമിഴ്‌നാട്ടിലും ആന്ധ്രയിലും സമാനമായ രീതിയിൽ തൊഴിലാളി ക്ഷാമം ഉള്ളതിനാലാണ് ഇത്തരത്തിലുള്ള കടത്തിക്കൊണ്ടുപോകൽ വർദ്ധിച്ചിരിക്കുന്നത്. പെരുന്നാൾ അവധിക്ക് നാട്ടിൽ പോയ തൊഴിലാളികൾ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് കരാറുകാരെങ്കിലും ഇപ്പോഴത്തെ സാഹചര്യം ആശങ്ക വർദ്ധിപ്പിക്കുന്നു. ഈ പ്രതിസന്ധി പരിഹരിക്കാൻ കൊൽക്കത്തയിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിൽഡേഴ്‌സ് അസോസിയേഷൻ റെയിൽവേയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ച് അസോസിയേഷൻ ഭാരവാഹികൾ സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തിവരികയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
We also have demand, Setta! Gangs are kidnapping guest workers coming to Kerala, construction sector in crisis










