ജി7 രാജ്യങ്ങളിൽനിന്ന് നിന്ന് 2014ൽ റഷ്യയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വ്ളാഡിമിർ പുടിൻ അപമാനിതനായി എന്നാണ് ട്രംപ് പറയുന്നത്. ചൈനയെ ജി 7ൽ അംഗമാക്കുന്നത് മോശം ആശയമല്ലെന്നും, ആലോചിക്കാവുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ജി7 ഉച്ചകോടിയിൽ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ട്രംപ്. വ്യാപാരനയങ്ങൾ, ഇസ്രയേൽ – ഇറാൻ യുദ്ധം തുടങ്ങിയവയെല്ലാം ഉച്ചകോടിയിൽ ചർച്ചയാവും.
അതേസമയം, ജി7 ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ അദ്ദേഹത്തിൻറെ കടുത്ത വ്യാപാരയുദ്ധത്തിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിക്കുകയാണ് ലോക നേതാക്കൾ. ഈ വ്യാപാരയുദ്ധം ആഗോള സാമ്പത്തിക സ്ഥിതിക്ക് ഭീഷണിയാണെന്ന് വിദഗ്ധർ പറയുന്നു.ജി 7ൽ പങ്കെടുത്ത മിക്ക രാജ്യങ്ങൾക്കും ഇതിനകം ട്രംപിൻറെ 10 ശതമാനം അടിസ്ഥാന താരിഫ് ബാധകമാണ്. കൂടുതൽ താരിഫുകൾ വരാനിരിക്കുന്നു എന്ന ഭീഷണിയുമുണ്ട്. യൂറോപ്യൻ രാജ്യങ്ങൾക്കും ജപ്പാനും കാറുകൾ, സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് അധിക നികുതികൾ നേരിടുന്നുണ്ട്. കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുണൈറ്റഡ് കിംഗ്ഡം, യുഎസ് എന്നിവയാണ് ജി 7ലെ അംഗരാജ്യങ്ങൾ. ഉച്ചകോടിയുടെ പ്രാഥമിക ശ്രദ്ധ വ്യാപാരത്തിലായിരിക്കുമെന്ന് ആതിഥേയനായ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയ ട്രംപ് പറഞ്ഞു.



