ഓട്ടവ: സംഭരണശാലയിലെ ഫ്രീസറിനുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് കാനഡയുടെ നാഷണൽ എമർജൻസി സ്റ്റോക്ക്പൈലിലെ 2 മില്യൺ ഡോളർ വിലമതിക്കുന്ന മരുന്നുകൾ നശിച്ചതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ റിപ്പോർട്ട് ചെയ്തു. ഫെഡറൽ സർക്കാരിന്റെ വാർഷിക പബ്ലിക് അക്കൗണ്ട്‌സ് റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. രണ്ട് വർഷത്തിനിടെ ഫ്രീസർ തകരാർ മൂലം രാജ്യത്തുണ്ടാകുന്ന രണ്ടാമത്തെ വലിയ മരുന്ന് നഷ്ടമാണിത്.
ജൈവഭീഷണികളെ നേരിടാൻ ഉപയോഗിക്കുന്ന പ്രത്യേക ചികിത്സാ മരുന്നുകളാണ് നിശ്ചിത താപനിലയിൽ വ്യതിയാനം സംഭവിച്ചതിനെ തുടർന്ന് ഉപയോഗശൂന്യമായതെന്ന് ഹെൽത്ത് കാനഡ വ്യക്തമാക്കി.
കേടുവന്ന മരുന്നുകൾ പൂർണ്ണമായും നശിപ്പിച്ചു കളഞ്ഞു. തകരാറിന്റെ കാരണം കണ്ടെത്താൻ അടിയന്തരമായി ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.അതേസമയം, ആവശ്യത്തിന് മരുന്നുകൾ അധികമായി സ്റ്റോക്കുള്ളതിനാൽ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള രാജ്യത്തിന്റെ ശേഷിയെ ഈ സംഭവം ബാധിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
2024 ഡിസംബറിൽ ഫ്രീസറിന്റെ വാതിൽ തുറന്നുകിടന്നതിനെ തുടർന്ന് ഏകദേശം 20 മില്യൺ ഡോളർ വിലമതിക്കുന്ന മരുന്നുകൾ നശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും സമാനമായ വീഴ്ച സംഭവിച്ചിരിക്കുന്നത്. രാജ്യസുരക്ഷാ കാരണങ്ങളും അടിയന്തര തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവവും മുൻനിർത്തി, നശിച്ചുപോയ മരുന്നുകളുടെ പേരോ അളവോ വെളിപ്പെടുത്താൻ രണ്ട് സംഭവങ്ങളിലും അധികൃതർ തയ്യാറായിട്ടില്ല.
ALSO READ: 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിയന്ത്രണം; ബിൽ സി-34 പാർലമെന്റിൽ ചർച്ചയിൽ
നാഷണൽ എമർജൻസി സ്റ്റോക്ക്പൈലിൽ നിന്ന് കാലാവധി കഴിഞ്ഞതും കേടുവന്നതുമായ 331 മില്യൺ ഡോളറിലധികം വിലമതിക്കുന്ന മെഡിക്കൽ സാമഗ്രികൾ പബ്ലിക് ഹെൽത്ത് ഏജൻസി എഴുതിത്തള്ളിയതായി ഒക്ടോബറിൽ പുറത്തുവന്ന ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഫ്രീസർ തകരാർ മൂലമുണ്ടായ രണ്ട് നഷ്ടങ്ങളും ഈ കണക്കിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഓഡിറ്റർ ജനറലിന്റെ ഓഫീസ് സ്ഥിരീകരിച്ചു. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഭാവിയിൽ ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഏജൻസി അറിയിച്ചു.
1950-കളിൽ ആണവ അടിയന്തരാവസ്ഥകളെ നേരിടാനായാണ് കാനഡ നാഷണൽ എമർജൻസി സ്റ്റോക്ക്പൈൽ സ്ഥാപിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഭരണശാലകളിലായി മരുന്നുകൾ, വാക്സിനുകൾ, മറ്റ് അടിയന്തര ആരോഗ്യ ഉപകരണങ്ങൾ എന്നിവ ഇതിൽ സൂക്ഷിക്കുന്നു. പിന്നീട് സാർസ്, കോവിഡ്-19 തുടങ്ങിയ പകർച്ചവ്യാധികൾ, പ്രകൃതിദുരന്തങ്ങൾ, ജൈവായുധ ആക്രമണങ്ങൾ എന്നിവയടക്കമുള്ള അടിയന്തര ആരോഗ്യ സാഹചര്യങ്ങളെ നേരിടുന്നതിനായി ഇതിന്റെ പ്രവർത്തനം വിപുലീകരിക്കുകയായിരുന്നു.
🍁 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
Freezer Failure Destroys $2M in Canada’s Emergency Drug





