ഓട്ടവ: കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഡിജിറ്റൽ സുരക്ഷാ ബിൽ വേഗത്തിൽ പാസാക്കണമെന്ന് കനേഡിയൻ പാർലമെന്റ് അംഗങ്ങളോട് ആവശ്യപ്പെട്ട് ആരോഗ്യ, ശിശുസംരക്ഷണ വിദഗ്ധർ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും എഐ ചാറ്റ്ബോട്ടുകളും കുട്ടികളുടെ മാനസികാരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് നിയമനിർമാണം വേഗത്തിലാക്കണമെന്ന ആവശ്യം ഉയർന്നത്. ലിബറൽ സർക്കാർ കൊണ്ടുവന്ന ബിൽ സി-34 സംബന്ധിച്ച് ഹൗസ് ഓഫ് കോമൺസിന്റെ ഹെറിറ്റേജ് കമ്മിറ്റി നടത്തിയ ചർച്ചയിലാണ് വിദഗ്ധർ ആശങ്കകൾ പങ്കുവച്ചത്.
ടൊറന്റോയിലെ ഹോസ്പിറ്റൽ ഫോർ സിക്ക് ചിൽഡ്രനിലെ ശിശുരോഗ വിദഗ്ധയായ ഷാർലറ്റ് മൂർ ഹെപ്ബേൺ സമിതിക്ക് മുന്നിൽ കുട്ടികൾ നേരിടുന്ന ഓൺലൈൻ അപകടങ്ങളെക്കുറിച്ച് വിശദീകരിച്ചു. നിർബന്ധിത സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ സോഷ്യൽ മീഡിയയും എഐ ചാറ്റ്ബോട്ടുകളും കുട്ടികളിലേക്ക് എത്തുന്നത് അവരുടെ വളർച്ചയെയും മാനസികാവസ്ഥയെയും ബാധിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുക, ഓൺലൈൻ ഭീഷണിപ്പെടുത്തൽ, ആത്മഹത്യയിലേക്ക് നയിക്കുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയ പ്രശ്നങ്ങളും അവർ ചൂണ്ടിക്കാട്ടി.
തന്റെ ഇരുപത് വർഷത്തെ തൊഴിൽപരിചയത്തിൽ കുട്ടികളുടെ മാനസിക വളർച്ചയെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഘടകമായി ഡിജിറ്റൽ ഇടം മാറിയിട്ടുണ്ടെന്ന് ഹെപ്ബേൺ പറഞ്ഞു. ഓൺലൈൻ ഭീഷണിപ്പെടുത്തലിനെ തുടർന്ന് ഗുരുതരമായ മാനസിക പ്രതിസന്ധിയിലായ 13 വയസ്സുകാരിയുടെ അനുഭവവും അവർ സമിതിയിൽ വിശദീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ നേരിട്ട അധിക്ഷേപങ്ങൾ കുട്ടിയെ സ്വയം ഉപദ്രവിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചതായും അവർ പറഞ്ഞു. കുട്ടികൾക്ക് സ്വയം ജീവനൊടുക്കുന്നതിനുള്ള മാർഗങ്ങളും മരുന്നുകളുടെ അപകടകരമായ അളവുകളെക്കുറിച്ചുള്ള വിവരങ്ങളും ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും എഐ ചാറ്റ്ബോട്ടുകളിലും ലഭിക്കുന്നുണ്ടെന്നും ഹെപ്ബേൺ മുന്നറിയിപ്പ് നൽകി.
കുട്ടികളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ലൈംഗിക ചൂഷണവും മനുഷ്യക്കടത്തും വർധിക്കുന്നതായും വിദഗ്ധർ സമിതിയെ അറിയിച്ചു. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിനായി തങ്ങളുടെ ആശുപത്രിയിൽ പ്രത്യേക ക്ലിനിക് ആരംഭിക്കേണ്ടിവന്നതായി ഹെപ്ബേൺ പറഞ്ഞു. കനേഡിയൻ സെന്റർ ഫോർ ചൈൽഡ് പ്രൊട്ടക്ഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ലിയാന മക്ഡൊണാൾഡും ഓൺലൈൻ വഴിയുള്ള കുട്ടികളെ വശീകരിക്കുന്ന സംഭവങ്ങളുടെ വർധന ചൂണ്ടിക്കാട്ടി. 2020 മുതൽ കേന്ദ്രത്തിന്റെ ടിപ്പ് ലൈനിൽ ലഭിച്ച ഇത്തരം റിപ്പോർട്ടുകളുടെ എണ്ണം 300 ശതമാനം വർധിച്ചതായാണ് അവർ വ്യക്തമാക്കിയത്. റിപ്പോർട്ടുകളിൽ ഭൂരിഭാഗവും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ടതാണ്.
പാർലമെന്റിന്റെ പരിഗണനയിലുള്ള ബിൽ സി-34 പ്രകാരം 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനാണ് നിർദേശം. കുട്ടികൾക്ക് പ്രവേശനം അനുവദിക്കാതിരിക്കാൻ പ്ലാറ്റ്‌ഫോമുകൾ നടപടിയെടുക്കണം. എന്നാൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് ഇതിൽ ഇളവ് ലഭിക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. പ്രായം എങ്ങനെ പരിശോധിക്കണം, ഏതെല്ലാം ഓൺലൈൻ സേവനങ്ങൾ നിയന്ത്രണത്തിന്റെ പരിധിയിൽ വരണം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരാനുണ്ട്.
അതേസമയം, പ്രായപരിധി മാത്രം ഏർപ്പെടുത്തുന്നത് പ്രശ്നങ്ങൾക്ക് പൂർണ പരിഹാരമാകില്ലെന്ന് മക്ഡൊണാൾഡ് പറഞ്ഞു. എങ്കിലും കുട്ടികൾക്ക് ഉണ്ടാകുന്ന ദോഷങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും അവർ വ്യക്തമാക്കി. കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ വിലക്ക് വിപരീതഫലം ഉണ്ടാക്കുമോയെന്ന് കൺസർവേറ്റീവ് എംപി ആൻഡ്രൂ ലോട്ടൺ ഹെപ്ബേണിനോട് ചോദിച്ചു. ഇതിന് മറുപടിയായി, പ്രായനിയന്ത്രണത്തോടൊപ്പം ശക്തമായ നിയന്ത്രണ സംവിധാനങ്ങളും സുരക്ഷാ നിയമങ്ങളും ആവശ്യമായ സേവനങ്ങളും ഉണ്ടാകണമെന്ന് ഹെപ്ബേൺ പറഞ്ഞു.
കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കിയ ശേഷം പ്ലാറ്റ്‌ഫോമുകളിൽ വീണ്ടും പ്രവേശനം അനുവദിക്കുന്ന സംവിധാനവും പരിഗണിക്കേണ്ടതുണ്ടെന്ന് അവർ വ്യക്തമാക്കി.
Also Read: ബെൽ കാനഡക്ക് നേരെ സൈബർ ആക്രമണം; ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു
ഹെറിറ്റേജ് കമ്മിറ്റി വിദഗ്ധരിൽനിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ച് ബില്ലിൽ ആവശ്യമായ ഭേദഗതികൾ നിർദേശിക്കും. തുടർന്ന് ബിൽ നിയമമാകുന്നതിന് ഹൗസ് ഓഫ് കോമൺസിന്റെയും സെനറ്റിന്റെയും അംഗീകാരം ലഭിക്കണം. സോഷ്യൽ മീഡിയ കമ്പനികൾക്കും എഐ ചാറ്റ്ബോട്ടുകൾക്ക് പിന്നിലുള്ള സ്ഥാപനങ്ങൾക്കും കൂടുതൽ ഉത്തരവാദിത്തം ഏർപ്പെടുത്തുകയാണ് ബിൽ സി-34ന്റെ പ്രധാന ലക്ഷ്യം. കുട്ടികളുടെ ഓൺലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ ബില്ലിന്റെ തുടർനടപടികൾ ശ്രദ്ധേയമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





