ഡാലസ്: ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ഫ്രാൻസും സ്പെയിനും തമ്മിൽ മാറ്റുരയ്ക്കുമ്പോൾ അത് കേവലമൊരു അന്താരാഷ്ട്ര മത്സരം മാത്രമല്ല, മറിച്ച് സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയൽ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടെയും അഭിമാന പോരാട്ടം കൂടിയാണ്. യൂറോപ്പിലെ ഈ വമ്പൻ ശക്തികൾ ഡാലസ് സ്റ്റേഡിയത്തിൽ നേർക്കുനേർ വരുമ്പോൾ കളിമുറ്റത്ത് ബാഴ്‌സ-റയൽ വൈരികളുടെ കടുത്ത പോരാട്ടത്തിന്റെ ചൂടും പുകയും നിറയും. ഇരുപക്ഷത്തും ഈ രണ്ട് ക്ലബ്ബുകളിലെയും മുൻനിര താരങ്ങളാണ് അണിനിരക്കുന്നത് എന്നതിനാൽ ആരാധകർ ആവേശത്തിന്റെ കൊടുമുടിയിലാണ്.

ബാഴ്‌സലോണയെ സംബന്ധിച്ചിടത്തോളം സ്പാനിഷ് ടീമിന്റെ നട്ടെല്ല് തന്നെ അവരുടെ താരങ്ങളാണ്. ലാമിൻ യമാൽ, ഡാനി ഓൾമോ, പെഡ്രി, പൗ കുബാർസി എന്നീ നാല് ബാഴ്‌സ താരങ്ങളാണ് സ്പെയിന്റെ ആദ്യ ഇലവനിൽ സ്ഥിരമായി സ്ഥാനം പിടിക്കുന്നത്. ഇവർക്ക് പുറമെ ജൊവാൻ ഗാർഷ്യ, എറിക് ഗാർഷ്യ, ഗാവി, ഫെറാൻ ടോറസ് എന്നിവരും സ്പാനിഷ് സ്ക്വാഡിലുണ്ട്. മറുവശത്ത്, റയൽ മാഡ്രിഡിന്റെ അഭിമാനമുയർത്താൻ ഫ്രാൻസ് നിരയിൽ ക്യാപ്റ്റനും സൂപ്പർതാരവുമായ കിലിയൻ എംബാപെയും മധ്യനിരയിലെ എൻജിനായ ഔറേലിൻ ചുവമേനിയുമുണ്ട്. റയലിന്റെ പുതിയ സൈനിങ് ആയ ഇബ്രാഹിമ കൊനാറ്റെയും ഫ്രഞ്ച് സ്ക്വാഡിലുള്ളത് പോരാട്ടത്തിന്റെ ആവേശം കൂട്ടുന്നു.
ഈ ലോകകപ്പിൽ തകർപ്പൻ ഫോമിലാണ് ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപെയുടെ മുന്നേറ്റം. നിലവിൽ 8 ഗോളുകളും രണ്ട് അസിസ്റ്റുകളുമായി ടൂർണമെന്റിലെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ താരം തന്നെയാണ് ഏറ്റവും മുന്നിൽ. എംബാപെ ലോകകപ്പിന്റെ താരമാകാൻ കുതിക്കുമ്പോൾ, മറുവശത്ത് ഈ ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം ലക്ഷ്യമിട്ടാണ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിന്റെ പോരാട്ടം. തന്റെ കന്നി ലോകകപ്പിൽ ഇതിനകം തന്നെ ഒരു ഗോൾ നേടി വരവറിയിച്ച യമാൽ സ്പാനിഷ് മുന്നേറ്റങ്ങളുടെ പ്രധാന സൂത്രധാരനാണ്.
അന്താരാഷ്ട്ര ഫുട്ബോൾ വേദിയിൽ ലമീൻ യമാലും കിലിയൻ എംബാപെയും ഇതിനു മുൻപ് നേർക്കുനേർ വന്നത് രണ്ട് തവണയാണ്. ഈ രണ്ട് മത്സരങ്ങളിലും വിജയം യമാലിന്റെ സ്പെയിനൊപ്പമായിരുന്നു. ക്ലബ് തലത്തിലും ഈ രണ്ട് താരങ്ങൾ തമ്മിലുള്ള ജയക്കണക്കുകളിൽ ബാഴ്‌സലോണയുടെ യമാലിന് തന്നെയാണ് മുൻതൂക്കം. കഴിഞ്ഞ യൂറോ കപ്പ് സെമി ഫൈനലിൽ യമാലിന്റെ തകർപ്പൻ ഗോളിലാണ് സ്പെയിൻ ഫ്രാൻസിനെ തകർത്തത്. ആ ചരിത്ര വിജയം നൽകുന്ന ആത്മവിശ്വാസവുമായാണ് സ്പെയിൻ ഇത്തവണ ഇറങ്ങുന്നത്. ഡാലസിലെ പുൽമൈതാനത്ത് ഫ്രാൻസിന്റെ ആക്രമണവും സ്പെയിന്റെ പ്രതിരോധവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഫുട്ബോൾ ലോകം ഒന്നടങ്കം ചോദിക്കുന്നത് ഒന്നുമാത്രം; ഇവിടെ ആര് വാഴും ആര് വീഴും?
Yamal vs Mbappe: Who Stars in France-Spain Semi?
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





