ഒട്ടാവ : വിവാദമായ ബ്ലൂ ലൈസൻസ് പ്ലേറ്റുകളുമായി ബന്ധപ്പെട്ട സർക്കാർ രേഖകൾ പുറത്തുവിടുന്നത് തടയാൻ ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിന്റെ സർക്കാർ കോടതിയെ സമീപിച്ചു. ദ കനേഡിയൻ പ്രസ് നൽകിയ വിവരവകാശ അപേക്ഷയിൽ രേഖകൾ പുറത്തുവിടാൻ ഒന്റാരിയോ ഇൻഫർമേഷൻ ആൻഡ് പ്രൈവസി കമ്മീഷണർ (IPC) ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ജുഡീഷ്യൽ റിവ്യൂ ഹർജിയാണ് സർക്കാർ അഭിഭാഷകർ സമർപ്പിച്ചിരിക്കുന്നത്. പൊതുരേഖകൾ ലഭ്യമാക്കുന്നതിൽ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടയിലാണ് പുതിയ നീക്കം.
നികുതിപ്പണം ഉപയോഗിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ മറച്ചുവെക്കാനാണ് പ്രീമിയർ ശ്രമിക്കുന്നതെന്ന് ഗ്രീൻ പാർട്ടി നേതാവ് മൈക്ക് ശ്രീനർ പ്രസ്താവനയിൽ ആരോപിച്ചു. പ്രീമിയർ, കാബിനറ്റ് മന്ത്രിമാർ, അവരുടെ ജീവനക്കാർ എന്നിവരുടെ രേഖകൾ വെളിപ്പെടുത്തുന്നത് വിലക്കുന്ന പുതിയ നിയമം ഒന്റാരിയോയിൽ നിലവിലുണ്ട്. സിവിൽ സർവീസിനുള്ളിലെ രേഖകളാണ് ദ കനേഡിയൻ പ്രസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും, അവ ഉദ്യോഗസ്ഥരുടെ രഹസ്യ ഉപദേശങ്ങളാണെന്ന് വാദിച്ചാണ് സർക്കാർ വെളിപ്പെടുത്തലിനെ എതിർക്കുന്നത്.
പ്രോഗ്രസ്സീവ് കൺസർവേറ്റീവ് പാർട്ടിയുടെ ബ്രാൻഡിംഗിനോട് സാമ്യമുള്ള ബ്ലൂ ലൈസൻസ് പ്ലേറ്റുകൾ 2020-ന്റെ തുടക്കത്തിലാണ് വിതരണം ചെയ്തത്. എന്നാൽ രാത്രികാലങ്ങളിൽ ഇവ വായിക്കാൻ സാധിക്കുന്നില്ലെന്ന് കിംഗ്സ്റ്റണിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയതോടെ പ്ലേറ്റുകളുടെ വിതരണം സർക്കാർ നിർത്തിവെച്ചിരുന്നു. എന്നാൽ നിലവിൽ നിരത്തിലുള്ള ഏകദേശം രണ്ട് ലക്ഷത്തോളം പ്ലേറ്റുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ച് 2022-ന്റെ അവസാനത്തിലാണ് ദ കനേഡിയൻ പ്രസ് വിവരവകാശ അപേക്ഷ നൽകിയത്.
ആദ്യം രേഖകൾ നിഷേധിച്ചെങ്കിലും, പൊതുതാത്പര്യം മുൻനിർത്തി അവ പുറത്തുവിടാൻ ഐപിസി ഉത്തരവിടുകയായിരുന്നു. പ്ലേറ്റുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് പരിഗണിച്ച വിവിധ സമീപനങ്ങളും അവയുടെ ചിലവുകളും അടങ്ങിയ വിശദാംശങ്ങൾ രേഖകളിലുണ്ടെന്നാണ് ഐപിസി വ്യക്തമാക്കുന്നത്. എന്നാൽ ഐപിസിയുടെ കണ്ടെത്തലുകൾ തെറ്റാണെന്നും മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല ഉത്തരവെന്നും സർക്കാർ കോടതിയിൽ വാദിക്കുന്നു. നികുതിപ്പണം ഉപയോഗിച്ച് സർക്കാർ കോടതിയിൽ പോരാടുന്നത് കൂടുതൽ ചോദ്യങ്ങൾ ഉയർത്തുമെന്ന് ലിബറൽ എത്തിക്സ് ക്രിട്ടിക് സ്റ്റെഫാനി സ്മിത്തും, എൻഡിപി നേതാവ് മാരിറ്റ് സ്റ്റൈൽസും വിമർശിച്ചു.
Ford government moves court against RTI order, won’t release blue license plate records
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









