ഒന്റാറിയോ: പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ‘Whole Foods Market’-ന്റെ 22 ഓളം ജനപ്രിയ ഭക്ഷ്യോത്പന്നങ്ങൾ കാനഡ തിരിച്ചുവിളിച്ചു. കാനഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയാണ് (CFIA) മുൻകരുതൽ നടപടിയായി ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. അമേരിക്കയിൽ പടർന്നുപിടിക്കുന്ന ‘സൽമൊണല്ല’ ബാക്ടീരിയ ബാധയുമായി ബന്ധപ്പെടുത്തിയാണ് ഈ നീക്കം.

ഗുവാകമോളി, പികോ ഡി ഗാല്ലോ, വിവിധയിനം സൽസകൾ, മറ്റ് റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ എന്നിവയാണ് തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളിൽപ്പെടുന്നത്. ഒന്റാറിയോയിലെ വോൾ ഫുഡ്സ് സ്റ്റോറുകൾ വഴിയും ഓൺലൈൻ വഴിയുമാണ് ഇവ വിതരണം ചെയ്തിരുന്നത്. മെക്സിക്കോയിലെ സിനലോവയിൽ നിന്ന് വിതരണം ചെയ്ത പച്ചമുളകുകളിൽ നിന്നാണ് അമേരിക്കയിൽ സൽമൊണല്ല ബാക്ടീരിയ പടർന്നത്. ഇതിനകം യു.എസിൽ 345-ലധികം ആളുകൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും 36 പേർ ആശുപത്രിയിലാകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കാനഡയിലും നടപടി സ്വീകരിച്ചത്.
കാനഡയിൽ ഈ ഉൽപ്പന്നങ്ങൾ കഴിച്ച് ആർക്കും നിലവിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് CFIA അറിയിച്ചു. പൂർണ്ണമായും മുൻകരുതൽ എന്ന നിലയിലാണ് ഈ ഭക്ഷണസാധനങ്ങൾ വിപണിയിൽ നിന്ന് മാറ്റുന്നത്. സൽമൊണല്ല ബാക്ടീരിയ കലർന്ന ഭക്ഷണങ്ങൾക്ക് ദുർഗന്ധമോ നിറംമാറ്റമോ രുചിവ്യത്യാസമോ ഉണ്ടാകണമെന്നില്ല. അതിനാൽ കാഴ്ചയിൽ സാധാരണ പോലെ തോന്നിയാലും റീകോൾ ചെയ്ത ഉൽപ്പന്നങ്ങൾ യാതൊരു കാരണവശാലും ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
ALSO READ: ടൊറന്റോയിൽ വാടകയ്‌ക്ക് കൊലയാളികളെ നൽകുന്ന ശൃംഖല; മൂന്ന് പ്രതികൾ പിടിയിൽ
ബാക്ടീരിയ ശരീരത്തിലെത്തി 6 മണിക്കൂർ മുതൽ 6 ദിവസത്തിനുള്ളിൽ പനി, തലവേദന, ഛർദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. മുതിർന്നവർ, ഗർഭിണികൾ, ചെറിയ കുട്ടികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെ ഇത് ഗുരുതരമായി ബാധിച്ചേക്കാം. കയ്യിലുള്ള ഉൽപ്പന്നങ്ങൾ തിരികെ നൽകാനോ നശിപ്പിച്ചുകളയാനോ അധികൃതർ നിർദ്ദേശിക്കുന്നു. അസുഖലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




