ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിനുള്ളിലുണ്ടായ ആക്രമണത്തിനുശേഷം യുഎഇ ഭരണകൂടത്തിൽ നിന്നും ലഭിച്ച സ്നേഹവും കരുതലും ഓർത്ത് ക്യാപ്റ്റൻ സ്മിത്ത് മച്ചാർ. യുഎഇ പ്രസിഡന്റിന്റെ പ്രത്യേക നിർദേശപ്രകാരം അതിവേഗമാണ് തന്നെ രാജ്യത്ത് എത്തിച്ചതെന്നും ഈ പരിചരണം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം വികാരാധീനനായി വ്യക്തമാക്കി. അന്താരാഷ്ട്ര മാധ്യമങ്ങളായ ‘ദി നാഷണൽ’, ‘സ്കൈ ന്യൂസ് അറേബ്യ’ എന്നിവയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്മിത്ത് മച്ചാർ അന്ന് നടന്ന സംഭവങ്ങളും അനുഭവങ്ങളും പങ്കുവെച്ചത്.
സഹപൈലറ്റിൽ നിന്നുണ്ടായ മഴു കൊണ്ടുള്ള വെട്ടും തുടർന്നുണ്ടായ ജീവന്മരണ പോരാട്ടവും ക്യാപ്റ്റൻ അഭിമുഖത്തിൽ ഓർത്തെടുത്തു. വെട്ടേറ്റ് ബോധം മറയുന്നതിനിടയിലും കൈകൊണ്ട് തടുത്തപ്പോൾ ഗുരുതരമായി പരിക്കേറ്റെന്നും വിമാനം മൂക്കുകുത്താൻ തുടങ്ങിയത് തിരിച്ചറിഞ്ഞാണ് കോക്പിറ്റ് വാതിൽ തുറക്കാൻ നിർണായക തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിലെ ബെൻ ഗുറിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ലക്ഷ്യമിട്ടിരുന്നതെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെങ്കിലും എന്തിനാണ് ആ സമയം ആക്രമണത്തിനായി തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ലെന്ന് സ്മിത്ത് മച്ചാർ വ്യക്തമാക്കി.
വിമാനത്തിലെ യാത്രക്കാരനും ഇസ്രായേലി പൗരനുമായ ഒരു പ്ലംബറാണോ വിമാനം തകരാതെ രക്ഷിച്ചത് എന്ന ചോദ്യത്തിനും സ്മിത്ത് മച്ചാർ പ്രതികരിച്ചു. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു ക്യാപ്റ്റൻ നിയന്ത്രണം ഏറ്റെടുത്തു എന്ന് ജീവനക്കാർ പറയുന്നത് താൻ കേട്ടിരുന്നുവെന്നും എന്നാൽ ബാക്കി കാര്യങ്ങൾ ഊഹിച്ചു പറയാൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പരിക്കുകൾ പൂർണമായി ഭേദമായി ഉടൻതന്നെ വീണ്ടും വിമാനം പറത്താൻ തിരിച്ചെത്തുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
അതേസമയം, ആക്രമണത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന സ്മിത്ത് മച്ചാറിന് യുഎഇ ഭരണകൂടത്തിൽ നിന്നും ലഭിച്ച പിന്തുണ വലുതായിരുന്നു. രാജ്യത്തിന്റെ ഭാഗത്തുനിന്നും തനിക്ക് ലഭിച്ച കരുതലിനെയും സഹായങ്ങളെയും കുറിച്ച് സംസാരിക്കവെ അദ്ദേഹം ഏറെ വികാരാധീനനായി. ഉന്നത തലത്തിലുള്ള ഇടപെടലുകളാണ് തനിക്ക് അതിജീവനവും മികച്ച വൈദ്യസഹായവും ഉറപ്പാക്കിയതെന്ന് ഓർമ്മിപ്പിച്ച ക്യാപ്റ്റൻ, തന്നെ ചേർത്തുപിടിച്ച യുഎഇയോടുള്ള നന്ദിയും ആദരവും ഒരിക്കൽ കൂടി ആവർത്തിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




