ടൊറന്റോ: ടൊറന്റോയിൽ 2026-ലെ ആദ്യ മനുഷ്യ വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചതായി ടൊറന്റോ പബ്ലിക് ഹെൽത്ത് അറിയിച്ചു. നഗരത്തിലെ ഒരു മുതിർന്ന വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
വെസ്റ്റ് നൈൽ വൈറസ് ബാധിച്ച കൊതുക് കടിക്കുന്നതിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. ലഭ്യമായ കണക്കുകൾ പ്രകാരം, 2025 സെപ്റ്റംബർ വരെ ടൊറന്റോയിൽ ആകെ 26 വെസ്റ്റ് നൈൽ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചിരുന്നത്. അതേസമയം, 2026-ൽ ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 14 ആണ്.
രോഗബാധയുള്ള കൊതുക് കടിച്ചതിന് ശേഷം സാധാരണയായി രണ്ട് മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാം. പനി, തലവേദന, ഛർദി, ഓക്കാനം, ശരീരവേദന, ചർമത്തിൽ ചുണങ്ങ്, ലിംഫ് ഗ്രന്ഥികളുടെ വീക്കം, കഴുത്ത് വരിഞ്ഞ് മുറുകുന്ന പോൽ തോന്നുന്നത് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രായമായവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും രോഗം ഗുരുതരമാകാൻ കൂടുതൽ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വെസ്റ്റ് നൈൽ വൈറസിൽ നിന്ന് സംരക്ഷണം നേടാൻ പുറത്തുപോകുമ്പോൾ മുഴുവൻ ശരീരവും മൂടുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാനും, ഹെൽത്ത് കാനഡ അംഗീകരിച്ച കൊതുക് പ്രതിരോധ ലോഷനുകളോ സ്പ്രേകളോ ഉപയോഗിക്കാനും ടൊറന്റോ പബ്ലിക് ഹെൽത്ത് നിർദേശിച്ചു. വീടുകൾക്കും പരിസരങ്ങളിലും കൊതുക് വളരാൻ സാധ്യതയുള്ള കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുക, കൊതുകുകളുടെ സാന്നിധ്യം കൂടുതലുള്ള സന്ധ്യാസമയത്തും പുലർച്ചെയും കൂടുതൽ ജാഗ്രത പാലിക്കുക, വീടുകളിലെ ജനലുകളുടെയും വാതിലുകളുടെയും മെഷ് സ്ക്രീനുകൾ ശരിയായി ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയ മുൻകരുതലുകളും അധികൃതർ ശുപാർശ ചെയ്യുന്നു.
First West Nile virus case of 2026 reported in Toronto; Health Department issues precautionary guidelines.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






