ലോകമെമ്പാടുമുള്ള അവിവാഹിതർക്ക് പ്രണയബന്ധം സ്ഥാപിക്കാൻ അവസരമൊരുക്കി ഫിൻലാൻഡ് ടൂറിസം ബോർഡ് (‘വിസിറ്റ് ഫിൻലാൻഡ്’) പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. “ഫിന്നിഷ് ഡിന്നർ ഡേറ്റ്” എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 16 അവിവാഹിതർക്ക് രാജ്യത്തേക്ക് പൂർണ്ണമായും സൗജന്യമായി യാത്ര ചെയ്യാം. 2027 ഫെബ്രുവരി 9 മുതൽ 19 വരെയാണ് ഈ പ്രത്യേക ഡേറ്റിംഗ് യാത്ര സംഘടിപ്പിക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന യാത്രക്കാരുടെ വിമാനയാത്ര, താമസം, ഭക്ഷണം, മറ്റ് വിനോദ സഞ്ചാര ചെലവുകൾ എന്നിവ പൂർണ്ണമായും ടൂറിസം ബോർഡ് തന്നെ വഹിക്കും. യാത്രയ്ക്കിടയിൽ ഹെൽസിങ്കിയിലും ലേക്ക്ലാൻഡ് മേഖലയിലെ ടാംപെരെയിലും വെച്ച് പ്രാദേശിക ഫിന്നിഷ് അവിവാഹിതരുമായി ഒന്നിച്ച് അത്താഴം കഴിക്കാനുള്ള അവസരം ലഭിക്കും. ഫിൻലാൻഡിലെ മുൻനിര പാചകക്കാർ തയ്യാറാക്കുന്ന പരമ്പരാഗത ഭക്ഷണങ്ങൾ രുചിച്ചറിയാനും പദ്ധതി വഴി സാധിക്കും.
ഫിൻലാൻഡിലെ സൂപ്പർമാർക്കറ്റുകളിൽ കണ്ടുവരുന്ന ‘സിങ്കുക്കോരി’ (സിംഗിൾ ബാസ്ക്കറ്റ്) എന്ന ആശയം മുൻനിർത്തിയാണ് ഈ കാമ്പെയ്ൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കടകളിൽ സാധനങ്ങൾ വാങ്ങാൻ വരുമ്പോൾ പിങ്ക് ബാസ്ക്കറ്റ് ഉപയോഗിച്ച് തങ്ങൾ ഡേറ്റിംഗിന് തയ്യാറാണെന്ന് സൂചിപ്പിക്കുന്നതാണ് ഈ രീതി. ഇതിൽ നിന്നാണ് ആഗോളതലത്തിൽ ആളുകളെ ആകർഷിക്കാൻ ടൂറിസം ബോർഡ് പുതിയ വഴി തുറന്നത്.
ഫിന്നിഷ് സംസ്കാരവും ഭക്ഷണവും ലോകത്തിന് പരിചയപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ബിസിനസ് ഫിൻലാൻഡ് ഭാരവാഹികൾ വ്യക്തമാക്കി. ഫിൻലാൻഡുകാർക്ക് ഭക്ഷണം കേവലം ഒരു വിഭവമല്ലെന്നും അത് മനുഷ്യരും പ്രകൃതിയുമായുള്ള ബന്ധമാണെന്നും സീനിയർ ഡയറക്ടർ ഹെലി ജിമെനെസ് പറഞ്ഞു. ഈ സൗജന്യ യാത്രയിലൂടെ പങ്കാളികളാകുന്നവർക്ക് പ്രണയമോ പുതിയ സൗഹൃദങ്ങളോ അല്ലെങ്കിൽ മികച്ചൊരു യാത്രാനുഭവമോ കണ്ടെത്താനാകുമെന്ന് അവർ കൂട്ടിച്ചേർത്തു.
ഫിൻലാൻഡിൽ സ്ഥിരതാമസമില്ലാത്ത 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഏതൊരു അവിവാഹിതനും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. വ്യക്തിഗതമായി വേണം അപേക്ഷകൾ സമർപ്പിക്കാൻ. താല്പര്യമുള്ളവർക്ക് രാജ്യത്തെ ടൂറിസം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ അയക്കാവുന്നതാണ്.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 നവംബർ 10 ഫിന്നിഷ് സമയം രാവിലെ 11:59 വരെയാണ്. ലഭിക്കുന്ന അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 16 പേരുടെ വിവരങ്ങൾ 2026 ഡിസംബർ 1-ന് വിസിറ്റ് ഫിൻലാൻഡിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് പേജുകളിലൂടെ പുറത്തുവിടും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





