സാൻ ഫ്രാൻസിസ്കോ: ഓൺലൈൻ റിവ്യൂ പ്ലാറ്റ്‌ഫോമായ ‘യെൽപ്പ്’ (Yelp) ഉപയോക്താക്കൾക്കായി പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ട് അസിസ്റ്റന്റ് അവതരിപ്പിച്ചു. ചൊവ്വാഴ്ച സാൻ ഫ്രാൻസിസ്കോയിൽ നടന്ന ചടങ്ങിലാണ് കമ്പനി ഈ പുതിയ ചാറ്റ്ബോട്ട് അസിസ്റ്റന്റിനെ പരിചയപ്പെടുത്തിയത്. ആയിരക്കണക്കിന് റിവ്യൂകൾ ഓരോന്നായി വായിച്ചു നോക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കി, നമുക്ക് വേണ്ട കാര്യങ്ങൾ സെക്കന്റുകൾക്കുള്ളിൽ പറഞ്ഞുതരാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.
നിലവിൽ യെൽപ്പിന്റെ വെബ്സൈറ്റിലും ആപ്പിലുമായി മുപ്പത് കോടിയിലധികം റിവ്യൂകളുണ്ട്. ഇത്രയും വലിയ വിവരങ്ങളിൽ നിന്ന് ഏറ്റവും നല്ല ഡോക്ടറെയോ പ്ലംബറെയോ ഹോട്ടലുകളോ കണ്ടെത്തുന്നത് പലപ്പോഴും തലവേദനയായിരുന്നു. എന്നാൽ പുതിയ ചാറ്റ്ബോട്ട് വരുന്നതോടെ, നമുക്ക് ആവശ്യമായ കാര്യങ്ങൾ ചോദിച്ചാൽ അതിനനുസരിച്ചുള്ള മികച്ച സ്ഥലങ്ങൾ അത് കണ്ടെത്തി നൽകും. ഈ വിവരങ്ങൾ ഏത് റിവ്യൂവിൽ നിന്നാണ് എടുത്തതെന്ന് കൃത്യമായി കാണിച്ചുതരും എന്നതാണ് ഇതിന്റെ വലിയ പ്രത്യേകത.
ഗൂഗിളിനോട് മത്സരിക്കാനാണ് യെൽപ്പ് പ്രധാനമായും ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്. മിക്ക ആളുകളും വിവരങ്ങൾക്കായി ഗൂഗിളിനെ ആശ്രയിക്കുന്നത് മാറ്റാനും, യെൽപ്പിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനും ഈ എ.ഐ സംവിധാനം സഹായിക്കുമെന്ന് കമ്പനി മേധാവി ജെറമി സ്റ്റോപ്പൽമാൻ പറഞ്ഞു. ലോകമെമ്പാടുമുള്ള ടെക് കമ്പനികൾ എ.ഐ പരീക്ഷണങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് യെൽപ്പും തങ്ങളുടെ ഉപയോക്താക്കൾക്കായി ഈ സൗകര്യം ഒരുക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Find the best services faster; Yelp introduces new AI assistant






