ടൊറന്റോ: ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന കാനഡയിലെയും യുണൈറ്റഡ് സ്റ്റേറ്റ്സിലെയും (യു.എസ്) സ്റ്റേഡിയങ്ങളിലേക്ക് കാണികൾക്ക് ഒരു ഡിസ്‌പോസിബിൾ വാട്ടർ ബോട്ടിൽ വീതം കൊണ്ടുപോകാൻ ഫിഫ അനുമതി നൽകി. സ്റ്റേഡിയങ്ങൾക്കുള്ളിലേക്ക് കാണികൾ സ്വന്തമായി ജലക്കുപ്പികൾ കൊണ്ടുവരുന്നത് വിലക്കിക്കൊണ്ടുള്ള ഫിഫയുടെ മുൻ തീരുമാനത്തിനെതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച പുതിയ പ്രഖ്യാപനമുണ്ടായത്. ഫിഫയുടെ മുൻ നിലപാട് ശുദ്ധമായ പണം തട്ടൽ ആണെന്ന് ടൊറന്റോ മേയർ ഒലിവിയ ചൗ വിമർശിച്ചിരുന്നു.
പുതിയ നിർദ്ദേശപ്രകാരം കാണികൾ കൊണ്ടുവരുന്ന കുപ്പി പ്ലാസ്റ്റിക് കൊണ്ടുള്ളതും, മൃദുവായതും, 590 മില്ലിലിറ്റർ (20 ഔൺസ്) ശേഷിയുള്ളതും, ഫാക്ടറിയിൽ നിന്ന് തന്നെ സീൽ ചെയ്തതുമായിരിക്കണം. സുരക്ഷാ കാരണങ്ങളാൽ കട്ടിയുള്ള പുനരുപയോഗിക്കാവുന്ന ജലക്കുപ്പികൾക്കുള്ള വിലക്ക് തുടരുമെന്ന് ഫിഫ വ്യക്തമാക്കി. തീരുമാനത്തിൽ മാറ്റം വരുത്തുന്നതിന് മുന്നോടിയായി ടൊറന്റോ നഗരസഭാ അധികൃതർ ഫിഫയുമായി ബന്ധപ്പെടുകയും കടുത്ത ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഫിഫ സ്റ്റേഡിയങ്ങളിലെ നയങ്ങളിൽ മാറ്റം വരുത്താൻ നഗരസഭയ്ക്ക് നേരിട്ട് കഴിയില്ലെങ്കിലും, തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ കാണികൾക്ക് കുടിവെള്ളം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഫിഫ വേൾഡ് കപ്പ് 2026 ടൊറന്റോ സെക്രട്ടേറിയറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷാരോൺ ബൊള്ളൻബാക്ക് വെള്ളിയാഴ്ച രാവിലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഫിഫ ഫാൻ ഫെസ്റ്റിവലിൽ സുതാര്യമായ പ്ലാസ്റ്റിക് റീഫില്ലബിൾ കുപ്പികൾ അനുവദിക്കുമെന്നും അവിടെയും നാഥൻ ഫിലിപ്സ് സ്ക്വയറിലും വാട്ടർ സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും അവർ വ്യക്തമാക്കി.
മത്സരദിവസങ്ങളിൽ ഹീറ്റ് അലർട്ട് ഉണ്ടാകുകയും കാണികൾക്ക് വെള്ളം ലഭ്യമാകാതിരിക്കുകയും ചെയ്താൽ ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ടൊറന്റോ മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. മിഷേൽ മൂർത്തിയും ഫിഫ സംഘാടക സമിതിയെ ആശങ്ക അറിയിച്ചിരുന്നു. ഹീറ്റ് അലർട്ട് പ്രഖ്യാപിക്കുന്ന സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്കായി കൂളിംഗ് സ്പേസുകൾ തുറക്കുമെന്നും അവർ വ്യക്തമാക്കി. നിലവിൽ ബി.എം.ഒ ഫീൽഡ് എന്നറിയപ്പെടുന്ന ടൊറന്റോ സ്റ്റേഡിയം 45,000-ത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ തക്കവണ്ണം ഫിഫയ്ക്കായി വികസിപ്പിച്ചിട്ടുണ്ട്. ഇവിടെ പകുതിയോളം മത്സരങ്ങളും നടക്കുന്നത് തുറന്ന സ്റ്റേഡിയത്തിൽ മധ്യവേനൽ സമയത്താണ്.
FIFA to allow plastic bottles at World Cup venues in Canada and US; new guidelines
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt









