ഫ്ലോറിഡ: കഴിഞ്ഞ വർഷമാണ് അമേരിക്കയെ നടുക്കിയ ആ തട്ടിപ്പ് പിടിക്കപ്പെട്ടത്. യുഎസിൽ നഴ്സായി അഭിനയിച്ച് ആയിരക്കണക്കിന് രോഗികളെ ചികിത്സിച്ച ഓട്ടം ബാർഡിസ എന്ന 29 കാരിയുടെ കഥ എല്ലാവരെയും ഞെട്ടിച്ചു. ഫ്ലോറിഡയിലെ അഡ്വെന്റ് ഹെൽത്ത് പാം കോസ്റ്റ് പാർക്ക്‌വേയിലെ ജീവനക്കാരിയായിരുന്ന ഇവർ 2024 ജൂണിനും 2025 ജനുവരിക്കും ഇടയിൽ ഏകദേശം 4,486 രോഗികൾക്ക് ചികിത്സ നൽകിയിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.

സഹപ്രവർത്തകരുടെ പരാതിയെത്തുടർന്നാണ് ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചത്. ജോലിയിൽ പ്രവേശിക്കാൻ ഇവർ വ്യാജരേഖകളാണ് ഹാജരാക്കിയതെന്ന് അധികൃതർ കണ്ടെത്തി. മറ്റൊരു ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്സിന്റെ ലൈസൻസ് നമ്പർ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. വിവാഹം കഴിഞ്ഞെന്നും പേര് മാറിയെന്നുമാണ് ലൈസൻസ് നമ്പറിലെ വൈരുദ്ധ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇവർ അധികൃതരോട് പറഞ്ഞിരുന്നത്. എന്നാൽ, ഇത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ഇവർക്ക് സാധിച്ചില്ല.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, ഇവർ ഹാജരാക്കിയ നഴ്സിംഗ് അസിസ്റ്റന്റ് ലൈസൻസ് കാലാവധി കഴിഞ്ഞതാണെന്നും കണ്ടെത്തി. ഇതേത്തുടർന്ന് ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. ഏഴ് മാസത്തെ ക്രിമിനൽ അന്വേഷണത്തിന് ശേഷമാണ് ഓട്ടം ബാർഡിസയെ വീട്ടിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ലൈസൻസില്ലാതെ വൈദ്യസേവനം നടത്തിയതിനും വ്യാജരേഖകൾ ചമച്ചതിനും ഉൾപ്പെടെയുള്ള കേസുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കുന്ന ഗുരുതരമായ തട്ടിപ്പാണ് ഇവർ നടത്തിയതെന്ന് ഫ്ലാഗ്ളർ കൗണ്ടി ഷെരീഫ് റിക്ക് സ്റ്റാലി പറഞ്ഞു. ചികിത്സ തേടിയവരിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ബന്ധപ്പെടാൻ പ്രത്യേക ഇമെയിൽ വിലാസവും അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. 70,000 ഡോളർ ബോണ്ടിലാണ് ഇവർ നിലവിൽ ജയിലിൽ കഴിയുന്നത്.
‘Fake nurse’ arrested in Florida
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









