ന്യൂഫൗണ്ട്ലൻഡ് ആൻഡ് ലാബ്രഡോർ; ന്യൂഫൗണ്ട്ലൻഡ് ആൻഡ് ലാബ്രഡോറിലെ പ്രശസ്ത സംഗീതജ്ഞനും ജനപ്രിയ ഫോക് ബാൻഡായ Shanneyganock-ന്റെ സ്ഥാപകാംഗവുമായ മാർക്ക് ഹിസ്കോക്കിന്റെ മരണത്തിന് ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും കുടുംബം നീതി തേടുകയാണ്. 2025 മെയ് മാസത്തിൽ 53-ാം വയസ്സിൽ അദ്ദേഹം സെപ്സിസ് ബാധിച്ച് മരിച്ചെങ്കിലും, ആശുപത്രിയിൽ സമയബന്ധിതമായി രോഗം തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഈ മരണം ഒഴിവാക്കാനാകുമായിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിന് പിന്നാലെ ജീവിതം പഴയപോലെയായിട്ടില്ലെന്നും സംഭവിച്ചത് ഇന്നും ഉൾക്കൊള്ളാനായിട്ടില്ലെന്നും ഭാര്യ കെല്ലി ട്രാവേഴ്സ് പറയുന്നു.
കുടുംബത്തിന്റെ വിവരമനുസരിച്ച്, ബോട്ടിൽ കയറുന്നതിനിടെ വീണ മാർക്ക് ദിവസങ്ങളോളം കടുത്ത വേദന അനുഭവിച്ച ശേഷമാണ് ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനയും എക്സ്-റേയും നടത്തിയ ശേഷം വേദനസംഹാരികൾ നൽകി വീട്ടിലേക്ക് മടക്കിയയച്ചതായി കുടുംബം പറയുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം വീണ്ടും ആശുപത്രിയിലെത്തിയപ്പോഴും സംസാരിക്കാൻ ബുദ്ധിമുട്ട്, ശ്വാസതടസം, വിഴുങ്ങാനുള്ള പ്രയാസം, കൈകൾ ചലിപ്പിക്കാനാകാത്ത അവസ്ഥ തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും, കൂടുതൽ പരിശോധനകൾ നടത്താതെ മരുന്ന് നൽകി വിട്ടയച്ചുവെന്നാണ് ആരോപണം. അടുത്ത ദിവസം അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ടിൽ, പുറത്തെ അസ്ഥി പൊട്ടലിനെ തുടർന്നുണ്ടായ അണുബാധ സെപ്സിസായി മാറിയതാണ് മരണകാരണമെന്ന് വ്യക്തമാക്കിയതായി കുടുംബം പറയുന്നു.
സെപ്സിസ് അതിവേഗ ചികിത്സ ആവശ്യമായ മെഡിക്കൽ അടിയന്തരാവസ്ഥയാണെന്നും, ന്യൂമോണിയ, മുറിവുകൾ, മൂത്രാശയ അണുബാധ തുടങ്ങിയ സാധാരണ അണുബാധകളിൽ നിന്നുപോലും ഇത് ഉണ്ടാകാമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സംസാരത്തിലെ അസ്വാഭാവികത, ആശയക്കുഴപ്പം, പേശിവേദന, പനി, കഠിനമായ ശ്വാസതടസം എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ അവഗണിക്കരുതെന്നും സമയത്ത് ചികിത്സ ലഭിച്ചാൽ പല കേസുകളിലും ജീവൻ രക്ഷിക്കാനാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മാർക്ക് ഹിസ്കോക്കിന്റെ കുടുംബം ആരോഗ്യസംവിധാനത്തിൽ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും, ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാറ്റങ്ങൾ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമനടപടികളും പരിഗണനയിലുണ്ടെന്ന് കുടുംബം വ്യക്തമാക്കുന്നു.
Failure to detect sepsis? Family demands probe into musician's death.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






