ന്യൂ ബ്രൺസ്വിക്ക് : ExxonMobil കമ്പനി തങ്ങളുടെ ന്യൂ ബ്രൺസ്വിക്കിലെ Moncton ഓഫീസ് അടച്ചുപൂട്ടാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. 2025 ജൂൺ മുതൽ 2026 ഡിസംബർ വരെയുള്ള കാലയളവിൽ ഘട്ടംഘട്ടമായി 250 ജീവനക്കാരുടെ തൊഴിൽ അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. “മറ്റ് ആഗോള ബിസിനസ് കേന്ദ്രങ്ങളിലേക്ക്” ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് കമ്പനി വ്യക്തമാക്കിയെങ്കിലും കൃത്യമായ കാരണങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
പ്രൊവിൻഷ്യൽ ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ്-സെക്കൻഡറി എജ്യുക്കേഷൻ, ട്രെയിനിംഗ് ആൻഡ് ലേബർ അറിയിച്ചതനുസരിച്ച്, ബാധിക്കപ്പെടുന്ന ജീവനക്കാരെ കമ്പനിയുടെ മറ്റ് ശാഖകളിലേക്ക് മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുന്നതിനുള്ള പദ്ധതികളൊന്നും നിലവിലില്ല. എന്നാൽ ബാധിക്കപ്പെടുന്ന ജീവനക്കാർക്ക് കൗൺസലിംഗും ആനുകൂല്യങ്ങളും നൽകുന്നതിനുള്ള നടപടികൾ കമ്പനി സ്വീകരിച്ചിട്ടുണ്ട്. അതേസമയം ജീവനക്കാരെ സഹായിക്കുന്നതിനായി വർക്കിംഗ്എൻബി പ്ലാറ്റ്ഫോമിലൂടെ സർക്കാരും സഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
“1998-ൽ വെറും 40 ജീവനക്കാരുമായി ന്യൂ ബ്രൺസ്വിക്കിൽ പ്രവർത്തനം ആരംഭിച്ച ExxonMobil, ഇപ്പോൾ നടത്തുന്ന ജോലി വെട്ടിക്കുറവ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്,” എന്ന് സ്ഥാനമൊഴിയുന്ന ഒരു ജീവനക്കാരൻ പറഞ്ഞു. ഇത് അടുത്തകാലത്ത് കമ്പനി നടത്തുന്ന തൊഴിൽ വെട്ടിക്കുറവുകളുടെ തുടർച്ചയാണ്. 2013-ൽ സെയിന്റ് ജോൺ ഓഫീസ് അടച്ചുപൂട്ടിയതിലൂടെ 210 തൊഴിലവസരങ്ങൾ നഷ്ടമായിരുന്നു. തുടർന്ന് 2021-ൽ നടത്തിയ തൊഴിലാളി പുനഃസംഘടനയിലൂടെ നൂറുകണക്കിന് ജീവനക്കാർക്ക് തൊഴിൽ നഷ്ടമായിരുന്നു






