അയോവ: അമേരിക്കയിലെ അയോവ സംസ്ഥാനത്തെ സീഡർ റാപ്പിഡ്സിലുള്ള ക്വേക്കർ ഓട്സ് ഫാക്ടറിയിൽ ശനിയാഴ്ച സ്ഫോടനത്തെത്തുടർന്ന് തീപിടിത്തമുണ്ടായി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ഫാക്ടറിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു.

പ്രാദേശിക സമയം വൈകിട്ട് 4.45ഓടെയാണ് അഗ്നിരക്ഷാസേനയ്ക്ക് വിവരം ലഭിച്ചത്. സ്ഫോടനത്തിനു പിന്നാലെ ഫാക്ടറിയിൽനിന്ന് കറുത്ത പുക ഉയർന്നു. ഏകദേശം 1.4 ലക്ഷം പേർ താമസിക്കുന്ന നഗരത്തിന്റെ മധ്യഭാഗത്തുനിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ഫാക്ടറിയിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് നഗര മേയർ ടിഫനി ഒ’ഡോണൽ അറിയിച്ചു. ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്ന കെട്ടിടഭാഗത്താണ് തീപിടിത്തമുണ്ടായത്. അവിടെ ജീവനക്കാർ കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവാക്കാനായെന്നും മേയർ പറഞ്ഞു.
സ്ഫോടനത്തിന്റെയും തീപിടിത്തത്തിന്റെയും കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ക്വേക്കർ ഓട്സിന്റെ ഉടമസ്ഥരായ പെപ്സികോ ഫുഡ്സ് യുഎസ് അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ഓട്സ് സംസ്കരണശാലയാണ് ഈ ഫാക്ടറിയെന്ന് കമ്പനി അവകാശപ്പെടുന്നു. ഇവിടെ പ്രതിദിനം ഒൻപത് ലക്ഷം കിലോഗ്രാമിലധികം ഓട്സ് സംസ്കരിക്കുന്നുണ്ട്. ക്വേക്കർ മിൽ കമ്പനിയിലൂടെ ആരംഭിച്ച ക്വേക്കർ ഓട്സ് ബ്രാൻഡിന് 2027ൽ 150 വർഷം തികയും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




