ഒട്ടാവ: ഇനി അപായ സൂചനകൾ വഴിതെറ്റി വന്ന് ആരെയും വെറുതെ പേടിപ്പിക്കില്ല! കടുത്ത വേനലും കൊടുങ്കാറ്റും ചുഴലിക്കാറ്റും പ്രവചിക്കുന്നതിൽ വൻ പരിഷ്കാരവുമായി എൻവയോൺമെന്റ് കാനഡ. പ്രദേശങ്ങൾ മൊത്തമായി ഉൾപ്പെടുത്തി മുന്നറിയിപ്പ് നൽകുന്ന പഴയ രീതിക്ക് പകരം, കാലാവസ്ഥാ വ്യതിയാനം ബാധിക്കാൻ സാധ്യതയുള്ള കൃത്യമായ സ്ഥലങ്ങൾ മാത്രം മാപ്പിൽ അടയാളപ്പെടുത്തി മുന്നറിയിപ്പ് നൽകുന്ന പുതിയ പോളിഗൺ സംവിധാനമാണ് നിലവിൽ വന്നിരിക്കുന്നത്.
അനാവശ്യമായി എത്തുന്ന ഫോൺ അലേർട്ടുകൾ ജനങ്ങളിൽ ഉണ്ടാക്കുന്ന മടുപ്പും അവഗണനയും ഒഴിവാക്കാൻ ഈ പുതിയ മാറ്റത്തിന് സാധിക്കുമെന്ന് കാനഡയിലെ കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. പ്രധാനമായും കടുത്ത കൊടുങ്കാറ്റും ചുഴലിക്കാറ്റും വരാൻ സാധ്യതയുള്ള നിശ്ചിത പ്രദേശങ്ങളിൽ മാത്രമായിരിക്കും ഇനി ഇത്തരം അലേർട്ടുകൾ എത്തുക. ഇതിലൂടെ കാലാവസ്ഥാ നിരീക്ഷകർക്ക് റിയൽ-ടൈം അടിസ്ഥാനത്തിൽ കാറ്റിന്റെ ഗതി പിന്തുടരാനും അലേർട്ട് പ്രദേശങ്ങൾ കൃത്യമായി തിരുത്താനും സാധിക്കും.
മുൻപ് നിലവിൽ വന്ന മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ കളർ കോഡ് അലേർട്ട് സംവിധാനവും പുതിയ പോളിഗൺ രീതിക്കൊപ്പം തുടർന്നു പ്രവർത്തിക്കും. യു.എസിൽ കഴിഞ്ഞ 16 വർഷമായി വിജയകരമായി തുടരുന്ന ഈ സാങ്കേതികവിദ്യ കാനഡയിലും നടപ്പിലാക്കുന്നതിലൂടെ വലിയ അപകടങ്ങളും നാശനഷ്ടങ്ങളും ഒഴിവാക്കാനും ആളുകൾക്ക് കൃത്യസമയത്ത് മുന്നറിയിപ്പുകൾ നൽകി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും സാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രത്യാശ പ്രകടിപ്പിക്കുന്നു.
Environment Canada implements new alert system for extreme weather warnings
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





