ഹാലിഫാക്സ്: കാനഡയിലെ നോവാ സ്‌കോഷ്യ പ്രവിശ്യയിൽ അടിയന്തര മെഡിക്കൽ കോളുകൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർ ശമ്പളവർധനവും മെച്ചപ്പെട്ട ജോലി സാഹചര്യങ്ങളും ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം ആരംഭിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 7:15-നാണ് പ്രവിശ്യയിലെ മെഡിക്കൽ 911 കോളുകൾ സ്വീകരിക്കുകയും ആംബുലൻസ് സേവനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്ന ജീവനക്കാർ സമരം തുടങ്ങിയത്. എന്നാൽ സമരകാലത്തും അത്യാവശ്യ മെഡിക്കൽ സേവനങ്ങൾ പൂർണ്ണമായി ലഭ്യമാക്കുമെന്നും പൊതുജനങ്ങൾക്ക് 911 സേവനങ്ങൾ തടസ്സമില്ലാതെ തുടരുമെന്നും അധികൃതർ അറിയിച്ചു.
കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് (CUPW) അംഗങ്ങളായ അറുപതിലധികം ജീവനക്കാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. പ്രവിശ്യയിലെ അടിയന്തര മെഡിക്കൽ സേവന കമ്പനിയായ ഇ.എം.സി (EMC) യുമാമായി കഴിഞ്ഞ ഒരു വർഷമായി യൂണിയൻ ചർച്ചകൾ നടത്തിവരികയായിരുന്നു. ശമ്പളം, ജീവനക്കാരുടെ കുറവ് പരിഹരിക്കൽ, ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നീ ആവശ്യങ്ങളിൽ മാനേജ്‌മെന്റുമായി ധാരണയിലെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് ജീവനക്കാർ സമരത്തിലേക്ക് നീങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യൂണിയൻ ഇത് സംബന്ധിച്ച സമര നോട്ടീസ് നൽകിയത്.
ലേബർ ബോർഡിന്റെ നിർദ്ദേശപ്രകാരമുള്ള അവശ്യസേവന കരാർ അനുസരിച്ചാണ് നിലവിൽ കമ്മ്യൂണിക്കേഷൻ സെന്ററിന്റെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. സമരം മൂലം സേവനങ്ങളിൽ ചെറിയ രീതിയിലുള്ള സമ്മർദ്ദം ഉണ്ടായേക്കാമെങ്കിലും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ വിപുലമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വൈകുന്നേരം വരെയുള്ള കമ്മ്യൂണിക്കേഷൻ സെന്ററിന്റെ പ്രവർത്തന ചുമതല കമ്പനി മാനേജ്‌മെന്റ് നേരിട്ട് ഏറ്റെടുത്ത് നടത്തുമെന്നും യൂണിയൻ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Emergency medical dispatchers in Nova Scotia on strike; 911 services will not be disrupted.






