കാൽഗറി : ആൽബർട്ടയിൽ നിന്ന് കാണാതായ 82 വയസ്സുകാരിയെ സസ്‌കച്ചെവാനിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏപ്രിൽ ആറു മുതൽ കാണാതായിരുന്ന കാൽഗറി സ്വദേശി ഡയാൻ കൂപ്പറെയാണ് രണ്ടാഴ്ച നീണ്ട തിരച്ചിലിനൊടുവിൽ കിൻഡേഴ്സ്‌ലിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന ‘ഹാലോ’ എന്ന വളർത്തുനായയെ ജീവനോടെ കണ്ടെത്തിയിട്ടുണ്ട്.
ഏപ്രിൽ ആറിന് എഡ്ജ്മോണ്ടിലെ വീട്ടിൽ നിന്നും വളർത്തുനായയോടൊപ്പം പുറപ്പെട്ട ഡയാനെ പിന്നീട് കാണാതാവുകയായിരുന്നു. ആൽബർട്ടയിലെ സ്റ്റെട്ട്ലറിൽ ഇന്ധനം നിറയ്ക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. അന്ന് രാത്രി പന്ത്രണ്ട് മണിയോടെ സസ്‌കച്ചെവാനിലെ ഹൂസിയർ എന്ന ഗ്രാമത്തിലാണ് ഇവരെ അവസാനമായി കണ്ടത്.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സസ്‌കച്ചെവാനിലെ ഗ്രാമപ്രദേശത്ത് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതകളില്ലെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
തിരച്ചിലിന് സഹായിച്ചവർക്കും പിന്തുണ നൽകിയവർക്കും ഡയാൻ കൂപ്പറിന്റെ കുടുംബം നന്ദി രേഖപ്പെടുത്തി. അപ്രതീക്ഷിതമായ വേർപാടിൽ കുടുംബം അതീവ ദുഃഖത്തിലാണെന്നും എന്നാൽ വളർത്തുനായയെ ജീവനോടെ തിരികെ ലഭിച്ചത് അത്ഭുതമായി കരുതുന്നുവെന്നും കുടുംബം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Elderly woman missing from Alberta found dead in Saskatchewan




