എഡ്മന്റൺ: കാനഡയിലെ എഡ്മന്റൺ ഫ്രിഞ്ച് ഫെസ്റ്റിവലിന് ഇത്തവണ ടിക്കറ്റ് വിൽപ്പനയിൽ സർവകാല റെക്കോർഡ്. ഈ വർഷം 1,38,500 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. 2019-ൽ സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ മറികടന്നതെന്ന് സംഘാടകർ അറിയിച്ചു.
“ഫ്രിഞ്ച് ഫെസ്റ്റിവൽ നഗരത്തിന്റെ സാംസ്കാരികപരമായ സ്വത്വത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അതോടൊപ്പം കലാകാരന്മാരുടെ വളർച്ചയ്ക്ക് ഇത് ഊർജ്ജം നൽകുന്നു. പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നുകൂടിയാണിത്,” സംഘാടകർ പ്രസ്താവനയിൽ പറഞ്ഞു.
ഈ വർഷത്തെ ഫെസ്റ്റിവലിൽ 490 ഷോകൾ ഹൗസ്ഫുള്ളായി. മൊത്തം ടിക്കറ്റ് വരുമാനമായ 1.47 മില്യൺ ഡോളർ കലാകാരന്മാർക്ക് കൈമാറി. കഴിഞ്ഞ വർഷം ഇത് 1.39 മില്യൺ ഡോളറായിരുന്നു. 11 ദിവസങ്ങളിലായി നടന്ന ഫെസ്റ്റിവലിൽ 8 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തതായി ഫ്രിഞ്ച് എക്സിക്യൂട്ടീവ് ഡയറക്ടർ മേഗൻ ഡാർട്ട് പറഞ്ഞു.
ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് നേട്ടമുണ്ടാക്കിയിട്ടും, ഫെസ്റ്റിവൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി സംഘാടകർ വെളിപ്പെടുത്തി. കൂടുതൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് അവർ സമൂഹത്തോട് സംഭാവനകൾ അഭ്യർത്ഥിച്ചു.
ഫെസ്റ്റിവലിന്റെ സുഗമമായ നടത്തിപ്പിനും കലാകാരന്മാരെ പിന്തുണയ്ക്കുന്നതിനും പ്രാദേശിക ബിസിനസ്സുകൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനും പ്രതിമാസ സംഭാവനകൾ നിർണായകമാണെന്നും അവർ വ്യക്തമാക്കി. 2024-ൽ ഫെസ്റ്റിവലിന്റെ പ്രവർത്തനച്ചെലവിൽ 9% വർദ്ധനവുണ്ടായിരുന്നു. ഈ വർഷം അത് 8.5% ആയി ഉയർന്നു. സാമ്പത്തികമായി ഫെസ്റ്റിവൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ഓഗസ്റ്റ് 27 മുതൽ 30 വരെ എടിബി വെസ്റ്റ്ബറി തിയേറ്ററിൽ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ‘ഹോൾഡോവർ സീരീസ്’ നടക്കും. A Cabaret of Legends, 52 Stories, Undiscovered Country, Moonshine എന്നീ ഷോകളാണ് ഇതിന്റെ ഭാഗമായി അരങ്ങേറുന്നത്. ടിക്കറ്റ് വില 20 ഡോളറാണ്. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയതും കൂടുതൽ കാലം നടക്കുന്നതുമായ ഫെസ്റ്റിവലുകളിലൊന്നാണ് എഡ്മന്റൺ ഇന്റർനാഷണൽ ഫ്രിഞ്ച് തിയേറ്റർ ഫെസ്റ്റിവൽ.



