വാഷിങ്ടൺ : അമേരിക്കയുടെ കറൻസി ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ഡൊണാൾഡ് ട്രംപിന്റെ ചിത്രം പതിച്ച ഒരു ഡോളർ നാണയം പുറത്തിറങ്ങി. അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ചയാണ് ട്രംപിന്റെ ചിത്രമുള്ള സ്പെഷ്യൽ എഡിഷൻ നാണയം യു.എസ് മിന്റ് പുറത്തിറക്കിയത്. ഇതോടെ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ അമേരിക്കയിൽ ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ചിത്രം കറൻസിയിൽ വരുന്ന ആദ്യ സംഭവമായി ഇത് മാറി. അമേരിക്കയുടെ ചരിത്രപ്രധാനമായ നാഴികക്കല്ലിന്റെ ആത്മാവും അഭിമാനവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്നതാണ് ഈ നാണയമെന്ന് യു.എസ് മിന്റ് വ്യക്തമാക്കി.
രാജ്യത്തിന്റെ 250-ാം വാർഷികാഘോഷം മുൻനിർത്തി ‘ലിബർട്ടി’, ‘ഇൻ ഗോഡ് വീ ട്രസ്റ്റ്’ എന്നീ വാക്കുകൾക്കൊപ്പമാണ് ട്രംപിന്റെ ചിത്രവും നാണയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 25 എണ്ണമുള്ള ഒരു റോളിന് 61 ഡോളറും (ഏകദേശം 45 പൗണ്ട്) 100 എണ്ണമുള്ള ഒരു ബാഗിന് 154.50 ഡോളറുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. വിപണിയിൽ എത്തി മണിക്കൂറുകൾക്കകം തന്നെ മിന്റിന്റെ വെബ്‌സൈറ്റിൽ നിന്ന് ഈ നാണയങ്ങൾ വിറ്റുതീർന്നു. വാഷിംഗ്ടൺ ഡി.സിയിലെ യു.എസ് മിന്റ് സ്റ്റോറിലെ വെൻഡിങ് മെഷീനുകൾ വഴിയും ഈ നാണയങ്ങൾ വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട്. സ്വർണ്ണ നിറത്തിലാണെങ്കിലും യഥാർത്ഥ സ്വർണ്ണം ഇതിൽ അടങ്ങിയിട്ടില്ല. 88.5 ശതമാനം ചെമ്പും ബാക്കി സിങ്ക്, മാംഗനീസ്, നിക്കൽ എന്നിവയും ചേർത്താണ് ഈ നാണയങ്ങൾ നിർമ്മിച്ചിരിക്കുന്നതെന്ന് യു.എസ് മിന്റ് അറിയിച്ചു.
ട്രംപിന്റെ ചിത്രം പതിച്ച 250 ഡോളറിന്റെ പുതിയ നോട്ടുകൾ പുറത്തിറക്കാൻ ട്രഷറി വകുപ്പ് പദ്ധതിയിടുന്നുണ്ടെന്ന് കഴിഞ്ഞ മെയ് മാസത്തിൽ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് വ്യക്തമാക്കിയിരുന്നു. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങൾ യു.എസ് കറൻസിയിൽ പതിക്കുന്നത് ഫെഡറൽ നിയമപ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും, ഇതിനൊരു ഇളവ് നൽകുന്നതിനുള്ള നിയമ നിർമ്മാണത്തിന് കോൺഗ്രസിലെ ട്രംപ് അനുകൂലികൾ ശ്രമിക്കുന്നുണ്ട്. ഈ നീക്കം നിലവിൽ സ്തംഭനാവസ്ഥയിലാണ്. അമേരിക്കയുടെ 150-ാം വാർഷികത്തോടനുബന്ധിച്ച് 1926-ൽ പുറത്തിറക്കിയ അര ഡോളർ നാണയത്തിൽ അന്ന് പ്രസിഡന്റായിരുന്ന കാൽവിൻ കൂഡ്‌ലിജിന്റെ ചിത്രം ഉൾപ്പെടുത്തിയിരുന്ന കാര്യം ബെസ്സെന്റ് അന്ന് ഓർമ്മിപ്പിച്ചിരുന്നു.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് കൊണ്ടുവന്ന 2020-ലെ സർക്കുലേറ്റിംഗ് കളക്ടബിൾ കോയിൻ റീഡിസൈൻ ആക്ട് ട്രംപ് ഭരണകൂടം ഇതിന് ചൂണ്ടിക്കാണിക്കുന്നുണ്ട്. നാണയങ്ങളുടെ പിൻവശത്ത് (ടെയിൽസ് സൈഡ്) ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ പാടില്ലെന്ന് ഈ നിയമം വ്യക്തമാക്കുന്നുണ്ടെങ്കിലും, മുൻവശത്ത് (ഹെഡ്സ് സൈഡ്) ട്രംപിന്റെ ചിത്രം വരുന്നതിനെക്കുറിച്ച് ഇത് വ്യക്തമായി പരാമർശിക്കുന്നില്ല. യു.എസ് നോട്ടുകളിൽ ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ പതിക്കുന്നത് 1866-ലെ തെയർ ഭേദഗതി പ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും, ഇത് സാധാരണയായി നാണയങ്ങൾക്ക് ബാധകമാകാറില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




