ഹാലിഫാക്സ് : മൂസ്ലാൻഡ് റോഡിൽ കഴിഞ്ഞ രണ്ടാഴ്ചയായി പടർന്നുപിടിച്ച കാട്ടുതീ ഒടുവിൽ പൂർണ്ണമായി നിയന്ത്രണത്തിലായതായി ഡിപ്പാർട്ട്മെന്റ് ഓഫ് നാച്ചുറൽ റിസോഴ്സ് (DNR) അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം സോഷ്യൽ മീഡിയയിലൂടെയാണ് അധികൃതർ ഈ ആശ്വാസവാർത്ത പങ്കുവെച്ചത്. തീ അണയ്ക്കാൻ നടത്തുന്ന രക്ഷാപ്രവർത്തനം വലിയ വിജയത്തിലേക്ക് എത്തിയതിന്റെ തെളിവാണിതെന്നും അവർ അറിയിച്ചു.
കഴിഞ്ഞ ജൂലൈ 15-ന് വൈകുന്നേരം ഏഴ് മണിയോടെ ജാക്കറ്റ് ലേക്ക് എന്ന സ്ഥലത്താണ് ആദ്യം തീ കണ്ടത്. തുടർന്ന് കാട്ടിലേക്ക് വേഗത്തിൽ പടർന്നുപിടിച്ച തീ ഏകദേശം 1,447 ഹെക്ടർ വനമേഖലയെ ബാധിച്ചു. അപകടം ഒഴിവാക്കാൻ ഈ പ്രദേശത്തെ നൂറോളം വീടുകളിൽ നിന്നും റിസോർട്ടുകളിൽ നിന്നും ആളുകളെ ഉടനടി മാറ്റിപ്പാർപ്പിച്ചിരുന്നു. തുടർന്ന് സ്ഥിതിഗതികൾ കുറച്ചുകൂടി ശാന്തമായതോടെ ജൂലൈ 19-നാണ് ആളുകൾക്ക് തിരികെ വീടുകളിലേക്ക് മടങ്ങാൻ അനുമതി നൽകിയത്.
നിലവിൽ തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നത് തടയാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും, കാട്ടുതീ പൂർണ്ണമായും അണഞ്ഞിട്ടില്ലെന്ന് ഡി.എൻ.ആർ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ പ്രദേശത്ത് പുകയുന്ന ചെറിയ തീപ്പൊരികൾ അണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. സ്ഥിതിഗതികൾ രക്ഷാപ്രവർത്തകർ നേരിട്ട് നിരീക്ഷിച്ചുവരികയാണെന്നും ജാഗ്രത തുടരണമെന്നും അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Two-week-long anxiety ends: DNR says wildfire on Mooseland Road is under control.






