ഷാർലറ്റ്ടൗൺ; കാനഡയിലെ പൊതുജനാരോഗ്യ സംവിധാനത്തിന് കൂടുതൽ ഫെഡറൽ ധനസഹായം ഉറപ്പാക്കണമെന്നും, ആ ഫണ്ട് എങ്ങനെ ഉപയോഗിക്കണമെന്ന് സംബന്ധിച്ച് പ്രവിശ്യകൾക്ക് വ്യക്തമായ നിബന്ധനകൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ആരോഗ്യരംഗത്തെ പ്രവർത്തകർ രംഗത്തെത്തി. പ്രിൻസ് എഡ്വേഡ് ഐലൻഡിലെ ഷാർലറ്റ്ടൗണിൽ പ്രവിശ്യാ-പ്രദേശിക പ്രീമിയർമാരുടെ യോഗം നടക്കുന്ന വേദിക്ക് സമീപം നൂറിലധികം പേർ പ്രതിഷേധം സംഘടിപ്പിച്ചു. പൊതുജനാരോഗ്യ സംവിധാനം ദുർബലമാകുന്ന തരത്തിലുള്ള തീരുമാനങ്ങൾ ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന് പ്രധാന കാരണം ആൽബർട്ട സർക്കാർ മുന്നോട്ടുവച്ച പുതിയ ആരോഗ്യനയമാണ്. ഈ വർഷം ശരത്കാലം മുതൽ ചില ഡോക്ടർമാർക്ക് പൊതുജനാരോഗ്യ സംവിധാനത്തിന് പുറത്തായി രോഗികളിൽ നിന്ന് നേരിട്ട് ഫീസ് ഈടാക്കി ഹിപ്, മുട്ട് മാറ്റിവെക്കൽ പോലുള്ള ഐച്ഛിക ശസ്ത്രക്രിയകൾ നടത്താൻ അനുമതി നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ശസ്ത്രക്രിയ വിദഗ്ധരിൽ നിന്ന് അപേക്ഷ ക്ഷണിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
അതേസമയം, ശസ്ത്രക്രിയയ്ക്കായി ദീർഘകാലം കാത്തിരിക്കേണ്ടി വരുന്ന നിലവിലെ സാഹചര്യം പരിഹരിക്കാനാണ് ഈ മാറ്റമെന്നാണ് ആൽബർട്ട സർക്കാരിന്റെ വിശദീകരണം. എന്നാൽ, ഇത്തരത്തിലുള്ള സ്വകാര്യവൽക്കരണ നീക്കങ്ങൾ കാനഡയുടെ സർവജനാരോഗ്യ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്ന ആശങ്കയാണ് ആരോഗ്യപ്രവർത്തകർ ഉയർത്തുന്നത്.
ആരോഗ്യച്ചെലവുകൾ വർഷങ്ങളായി പണപ്പെരുപ്പത്തിനൊത്ത് വർധിക്കുന്നില്ലെന്നും, അതാണ് ചില പ്രവിശ്യകളെ സ്വകാര്യ മേഖലയുടെ സാധ്യതകൾ തേടാൻ പ്രേരിപ്പിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ആരോഗ്യരംഗത്തിന് കൂടുതൽ സാമ്പത്തിക പിന്തുണ നൽകണമെന്ന് മറ്റ് ചില പ്രീമിയർമാരും ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മാർക്ക് കാർണി വ്യാഴാഴ്ച പ്രീമിയർമാരുമായി കൂടിക്കാഴ്ച നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
Demand for increased public health funding; protests by health workers intensify in Prince Edward Island.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






