ന്യൂഡൽഹി: ശൈത്യകാലം ആരംഭിച്ചതോടെ ഡൽഹി-എൻ.സി.ആർ മേഖലയിലെ വായുമലിനീകരണം നേരിടാൻ കർശന നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. നവംബർ 1 മുതൽ നിലവിൽ വന്ന പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് ബി.എസ്-6 തരം അല്ലാത്ത വാഹനങ്ങൾക്ക് തലസ്ഥാനത്തേക്ക് പ്രവേശനമില്ല. ജനുവരി 31 വരെയാണ് പ്രാഥമികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിബന്ധനകൾ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇ-ചെല്ലാനുകൾ വഴി പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത അറിയിച്ചു.
മലിനീകരണതോത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 50 ശതമാനം പേർക്ക് ‘വർക്ക് ഫ്രം ഹോം’ നിർബന്ധമാക്കിയിട്ടുണ്ട്. അടിയന്തര സേവന വിഭാഗങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിനായി വിവിധ സർക്കാർ, മുൻസിപ്പൽ ഓഫിസുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. മുൻസിപ്പൽ കോർപ്പറേഷൻ ഓഫിസുകൾ രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണി വരെയും, ഡൽഹി സർക്കാർ ഓഫിസുകൾ രാവിലെ 10 മുതൽ വൈകുന്നേരം 6.30 വരെയുമായിരിക്കും പ്രവർത്തിക്കുക.
അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ബി.എസ്-6 മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്ക് പൂർണ വിലക്കുണ്ട്. നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള 10 ലക്ഷത്തോളം പഴയ പെട്രോൾ, ഡീസൽ വാഹനങ്ങളെ ഇത് നേരിട്ട് ബാധിക്കും. അതേസമയം ഇലക്ട്രിക്, സി.എൻ.ജി വാഹനങ്ങൾക്കും ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയ അടിയന്തര സേവന വാഹനങ്ങൾക്കും വിലക്കില്ല.
എ.ഐ സൗകര്യമുള്ള ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകളും പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡുകളും ഉപയോഗിച്ചാണ് വാഹനപരിശോധന നടത്തുന്നത്.
ഇതോടൊപ്പം നിർമാണ-പൊളിക്കൽ പ്രവർത്തനങ്ങൾക്കും കർശന വിലക്ക് ഏർപ്പെടുത്തി. നവംബർ 1 മുതൽ ജനുവരി 31 വരെ പൊടിപടലങ്ങൾ ഉയർത്തുന്ന എല്ലാവിധ പുറംപണികളും നിരോധിച്ചിട്ടുണ്ട്. എന്നാൽ, മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഇൻഡോർ പ്ലംബിംഗ്, ഇലക്ട്രിക്കൽ, ഫിനിഷിംഗ് ജോലികൾക്കും അത്യന്താപേക്ഷിതമായ പൊതു അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കും നിബന്ധനകളോടെ ഇളവ് അനുവദിച്ചിട്ടുണ്ട്.
ALSO READ: ഇന്ത്യ-കാനഡ ബന്ധം പുതിയ ഘട്ടത്തിലേക്ക്: വിദേശകാര്യമന്ത്രിമാർ പ്രത്യേക കൂടിക്കാഴ്ച നടത്തി
‘നോ പി.യു.സി, നോ ഫ്യുവൽ’ (പുകപരിശോധനാ സർട്ടിഫിക്കറ്റില്ലെങ്കിൽ ഇന്ധനമില്ല) നയവും നഗരത്തിൽ നടപ്പാക്കി. തലസ്ഥാനത്തെ 500 പെട്രോൾ പമ്പുകളിൽ ANPR ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സാധുവായ പി.യു.സി സർട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകില്ല. കൂടാതെ, സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി ഡൽഹി മെട്രോയുടെ പാർക്കിംഗ് ഒഴികെയുള്ള മിക്ക പൊതു പാർക്കിംഗ് കേന്ദ്രങ്ങളിലും നിരക്ക് ഇരട്ടിയാക്കി. വായുമലിനീകരണം കുറയ്ക്കുന്നതിനുള്ള നീക്കങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും യാത്ര പുറപ്പെടുന്നതിന് മുൻപ് ഡൽഹി ട്രാഫിക് പൊലീസിന്റെ നിർദേശങ്ങൾ പരിശോധിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




