എഡ്മന്റൺ: എഡ്മന്റണിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യക്കാരനായ പങ്കാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാന ജില്ലയിലെ സമ്രാല സ്വദേശിനിയായ ദമൻ പ്രീത് കൗറാണ് (23) കൊല്ലപ്പെട്ടത്. യുവതിയുടെ മരണത്തിന് പിന്നിൽ പങ്കാളിയായ റിതേഷ് കുമാറാണെന്ന് വ്യക്തമായതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും കൊലപാതക കുറ്റം ചുമത്തുകയുമായിരുന്നു

എഡ്മന്റണിലെ സൗത്ത് ഈസ്റ്റ് ഭാഗത്തുള്ള ഒരു വസതിയിൽ വെച്ചാണ് ഈ മാസം 9-ാം തീയതി ദമൻ പ്രീത് കൗറിനെ ഗുരുതര പരുക്കുകളോടെ ബോധരഹിതയായ നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് അടിയന്തര സേനാ വിഭാഗം സ്ഥലത്തെത്തുകയും യുവതിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.എന്നാൽ, ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഈ മാസം 12-ാം തീയതി ദമൻ പ്രീത് കൗർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
തുടക്കത്തിൽ സ്വാഭാവിക മരണമോ അപകടമോ എന്ന് സംശയിച്ചിരുന്ന സംഭവത്തിൽ വഴിതിരിവായത് പോസ്റ്റ്മോർട്ടം പരിശോധനാ ഫലമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ യുവതിയുടെ മരണകാരണം ശ്വാസംമുട്ടിച്ചതിനെ തുടർന്നുണ്ടായ പരുക്കുകളാണെന്ന് വ്യക്തമായി. ഇതോടെയാണ് എഡ്മന്റൺ പൊലീസ് ഈ കേസ് ഔദ്യോഗികമായി കൊലപാതക അന്വേഷണമാക്കി മാറ്റിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ, കൊല്ലപ്പെട്ട ദമൻ പ്രീത് കൗറിന്റെ പങ്കാളിയായ 22 കാരനായ റിതേഷ് കുമാറിനെ പൊലീസ് ഈ മാസം 22-ാം തീയതി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരായ തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Death of Indian woman in Edmonton ruled a homicide; partner arrested; post-mortem report reveals details of the brutality.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





