ഷാര്‍ലറ്റ്ടൗണ്‍: പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് ലിബറല്‍ പാര്‍ട്ടിയുടെ പുതിയ നേതാവായി മുന്‍ സമ്മര്‍സൈഡ് മേയര്‍ ഡാന്‍ കച്ചര്‍. പാര്‍ട്ടി നേതൃത്വ കണ്‍വെന്‍ഷനില്‍ എതിരില്ലാതെയാണ് കച്ചറിനെ തിരഞ്ഞെടുത്തത്. ഒരു തവണ മേയറായിരുന്ന കച്ചര്‍ ദീര്‍ഘകാലമായി ലിബറല്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ ഉപദേഷ്ടാവാണ്.

നിലവില്‍ പ്രവിശ്യാ നിയമസഭയില്‍ കച്ചറിന് സീറ്റില്ല. നാല് അംഗങ്ങളുള്ള ലിബറല്‍ പാര്‍ട്ടി ഔദ്യോഗിക പ്രതിപക്ഷമാണ്. 2027 ഒക്ടോബറില്‍ നടക്കാനിരിക്കുന്ന അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ സമ്മര്സൈഡിന്റെ ഒരു ഭാഗം ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കച്ചര്‍ തിങ്കളാഴ്ച അറിയിച്ചു.
പ്രവിശ്യയിലുടനീളം യാത്ര ചെയ്ത് ജനങ്ങളുടെ ആവശ്യങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. ശക്തമായൊരു ടീമിനെയും പ്രവിശ്യയുടെ ഭാവിക്കായി വ്യക്തമായ കാഴ്ചപ്പാടും പദ്ധതിയും രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കച്ചര്‍ വ്യക്തമാക്കി.
ALSO READ: ഒന്റാരിയോ ഇന്ന് വിധിയെഴുതുന്നു; മേയർ കസേരയ്ക്കായി ടൊറന്റോയിൽ കടുത്ത അങ്കം
2025-ലും 2026-ലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ നിയമസഭാ സീറ്റ് നേടാനാകാതെ വന്നതിനെ തുടര്‍ന്ന് ജൂലൈയില്‍ സ്ഥാനമൊഴിഞ്ഞ മുന്‍ നേതാവ് റോബര്‍ട്ട് മിച്ചലിന് പകരമാണ് കച്ചര്‍ ചുമതലയേല്‍ക്കുന്നത്. ഏഴ് വര്‍ഷമായി അധികാരത്തിന് പുറത്തുള്ള പാര്‍ട്ടിയെ പുനര്‍നിര്‍മിക്കുകയെന്ന വലിയ വെല്ലുവിളിയാണ് പുതിയ നേതാവിന് മുന്നിലുള്ളത്.
2019-ലെ തിരഞ്ഞെടുപ്പില്‍ പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ലിബറല്‍ ഭരണത്തിന് അന്ത്യം കുറിച്ചിരുന്നു. അന്ന് ആറ് സീറ്റിലേക്ക് ചുരുങ്ങിയ ലിബറലുകള്‍ക്ക് 2023-ല്‍ ഔദ്യോഗിക പ്രതിപക്ഷ പദവി തിരിച്ചുപിടിക്കാനായി. നിലവില്‍ ലിബറലുകള്‍ക്കും ഗ്രീന്‍ പാര്‍ട്ടിക്കും നാല് വീതം സീറ്റുകളാണുള്ളത്. റോബ് ലാന്റ്സ് നയിക്കുന്ന ഭരണകക്ഷിക്ക് 18 സീറ്റുകളുണ്ട്. നിലവിലെ സര്‍ക്കാരിന് വ്യക്തമായ ദിശയില്ലെന്നും പ്രവിശ്യ ലക്ഷ്യമില്ലാതെ മുന്നോട്ടുപോകുകയാണെന്നും കച്ചര്‍ തന്റെ വിജയപ്രസംഗത്തില്‍ വിമര്‍ശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Dan Kutcher Elected PEI Liberal Leader’




