ചാർലറ്റ്‌ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ 2026 ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പുതിയ മേയർമാരെയും കൗൺസിലർമാരെയും തിരഞ്ഞെടുക്കാനായി പ്രവിശ്യയിലെ വിവിധ കമ്മ്യൂണിറ്റികളിലുള്ള വോട്ടർമാർ തിങ്കളാഴ്ച രാവിലെ മുതൽ പോളിംഗ് ബൂത്തുകളിലേക്ക് എത്തിയിരുന്നു.
ഷാർലറ്റ്‌ടൗൺ, സമ്മർസൈഡ്, കോൺവാൾ, സ്ട്രാറ്റ്‌ഫോർഡ്, ത്രീ റിവേഴ്‌സ് എന്നീ പ്രധാന മുനിസിപ്പാലിറ്റികളിൽ രാവിലെ 9 മുതൽ വൈകുന്നേരം 7 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏത് ബൂത്തിലാണ് വോട്ട് ചെയ്യേണ്ടതെന്നും സ്വന്തം പ്രദേശത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ആരൊക്കെയാണെന്നും അറിയാൻ വോട്ടർമാർക്ക് ഇലക്ഷൻസ് പിഇഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
കനേഡിയൻ പൗരന്മാരും, തിരഞ്ഞെടുപ്പ് ദിവസം 18 വയസ്സ് പൂർത്തിയായവരും, കുറഞ്ഞത് ആറുമാസമെങ്കിലും പിഇഐയിൽ താമസിക്കുന്നവരുമായ ആളുകൾക്കാണ് വോട്ടവകാശമുള്ളത്. വോട്ട് ചെയ്യാനായി എത്തുന്നവർ പേരും വിലാസവും വ്യക്തമാക്കുന്ന ഏതെങ്കിലും തിരിച്ചറിയൽ കാർഡ് കൈയിൽ കരുതേണ്ടതാണ്. മുമ്പ് പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് പോളിംഗ് ബൂത്തുകളിൽ എത്തി നേരിട്ട് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Also Read: കാനഡയുടെ പുതിയ ബജറ്റ് പ്രഖ്യാപനം ഈ ആഴ്ച: വ്യാപാര യുദ്ധത്തിനിടെ ജനങ്ങളെ കാത്തിരിക്കുന്നത് എന്തൊക്കെ?
പ്രവിശ്യയിലെ ചില മുനിസിപ്പാലിറ്റികളിൽ മറ്റ് സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ ചില പ്രധാന പദവികളിലേക്ക് ആളുകൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം പ്രദേശങ്ങളിലും മത്സരം ശക്തമാണ്. മറ്റിടങ്ങളിലെ തിരഞ്ഞെടുപ്പ് നടപടികൾ അതത് മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിലാണ് സുഗമമായി പുരോഗമിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





