കൊച്ചി: വിവാദങ്ങൾക്കൊടുവിൽ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചതിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി താരസംഘടനയായ ‘അമ്മ’യുടെ മുൻ ഭാരവാഹികൾ. അഡ്‌ഹോക് കമ്മിറ്റിയുടെ നിയമനത്തിന് ബൈലോ പ്രകാരം യാതൊരുവിധ നിയമസാധുതയുമില്ലെന്നാണ് മുൻ ഭാരവാഹികളുടെ വിലയിരുത്തൽ. വിഷയം ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര സൂം മീറ്റിംഗിലാണ് കോടതിയെ സമീപിക്കാനുള്ള നിർണായക തീരുമാനമുണ്ടായത്. പുതിയൊരു കമ്മിറ്റിയെ ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്നത് വരെ സംഘടനയുടെ ഔദ്യോഗിക ചുമതല തെരഞ്ഞെടുക്കപ്പെട്ട തങ്ങൾക്ക് തന്നെയാണെന്നാണ് ഭരണസമിതിയിലെ ഒരു വിഭാഗം വാദിക്കുന്നത്.
സംഘടനയ്ക്കുള്ളിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ നടന്ന സൂം മീറ്റിംഗിന് പിന്നാലെ കൂടുതൽ ഭാരവാഹികൾ രാജിവെച്ചു. ജയൻ ചേർത്തല, കൈലാഷ്, ജോയ് മാത്യു എന്നിവരാണ് ഔദ്യോഗികമായി തങ്ങളുടെ രാജി സന്ദേശം സംഘടനയുടെ ഇ-മെയിലിലേക്ക് അയച്ചത്. അതേസമയം മുൻ ഭാരവാഹികളായ ലക്ഷ്മിപ്രിയ, ഉണ്ണി ശിവപാൽ എന്നിവർ ഈ സൂം മീറ്റിംഗിൽ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമാണ്. ഭാരവാഹികൾ കൂട്ടത്തോടെ രാജിവെക്കുന്ന പശ്ചാത്തലത്തിലും സംഘടനയിൽ വലിയ രീതിയിലുള്ള അസ്വാരസ്യങ്ങളാണ് പുകയുന്നത്.
അമ്മയിൽ നിന്ന് താൻ രാജിവെക്കില്ലെന്ന് നിലവിലെ പ്രസിഡന്റ് ശ്വേതാ മേനോൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ലെന്നും താൻ ആരെയും വഞ്ചിക്കുകയോ അമ്മയെ അനാഥമാക്കുകയോ ചെയ്തിട്ടില്ലെന്നും അവർ കുറിച്ചു. കമ്മിറ്റി പൂർണ്ണമായി രാജിവെച്ചാൽ പുതിയ തെരഞ്ഞെടുപ്പ് വരുന്നത് വരെ പഴയ കമ്മിറ്റി തന്നെയാണ് തുടരേണ്ടതെന്നും, മുൻപ് മോഹൻലാലിന്റെ കമ്മിറ്റി രാജിവെച്ചപ്പോൾ സ്വീകരിച്ച ഈ നിലപാട് എന്തുകൊണ്ടാണ് തങ്ങളുടെ കമ്മിറ്റിയോട് കാണിക്കാത്തതെന്നും ശ്വേത ചോദിക്കുന്നു.
സംഘടനയിലെ സാമ്പത്തിക ക്രമക്കേടുകളെ ചൊല്ലിയുള്ള ആരോപണങ്ങൾ ഉയർന്നതോടെയാണ് ശ്വേതാ മേനോൻ നേരത്തെ രാജി പ്രഖ്യാപനത്തിലേക്ക് നീങ്ങിയത്. ആരുടെയും പാവയാകാൻ താല്പര്യമില്ലാത്തതിനാലാണ് തന്റെ തീരുമാനമെന്നും, തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ക്രെെം നന്ദകുമാർ, മാർട്ടിൻ മേനാച്ചേരി തുടങ്ങിയവരെ മുന്നിൽ നിർത്തി തനിക്കെതിരെ ദുഷ്പ്രചരണങ്ങൾ നടത്തിയിരുന്നതായും ശ്വേത ആരോപിച്ചു. മുൻ കമ്മിറ്റി അംഗങ്ങൾ നടത്തിയ തെറ്റായ കാര്യങ്ങൾ അന്വേഷിക്കാനുള്ള അവസരം തങ്ങൾക്ക് ലഭിക്കാതിരിക്കാൻ ചില നിക്ഷിപ്ത താല്പര്യക്കാർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Court to hear ad hoc committee case; ‘Amma’ battle intensifies again
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





