ദമാം: സൗദി അറേബ്യയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ച കേസിൽ ഈജിപ്ഷ്യൻ ഡോക്ടർക്കും മലയാളി നഴ്‌സിനും മൂന്ന് ലക്ഷം റിയാൽ കോടതി നഷ്ടപരിഹാരം ചുമത്തി. കടുത്ത ശാരീരിക വേദനയെ തുടർന്ന് ഹഫൂഫിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഈജിപ്ഷ്യൻ സ്വദേശി മരിച്ച സംഭവത്തിലാണ് റിയാദ് അപ്പീൽ കോടതി മുൻവിധി ശരിവെച്ചത്. മരണത്തിന് ഇടയാക്കിയ സാഹചര്യത്തിൽ ഡോക്ടർക്ക് 80 ശതമാനവും മലയാളി നഴ്‌സിന് 20 ശതമാനവും ഉത്തരവാദിത്തമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിധിപ്രകാരം വയനാട് മാനന്തവാടി സ്വദേശിനിയായ നഴ്‌സ് 60,000 റിയാലും കോടതിച്ചെലവായി 1,000 റിയാലും അടയ്ക്കണം. ചികിത്സയ്ക്ക് നിർദ്ദേശം നൽകിയ ഡോക്ടർ 2,40,000 റിയാലാണ് മരിച്ചയാളുടെ ആശ്രിതർക്ക് നൽകേണ്ടത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ആന്റിബയോട്ടിക്കും വേദനസംഹാരിയും കുത്തിവെയ്ക്കാൻ ഡോക്ടർ നഴ്‌സിന് നിർദ്ദേശം നൽകുകയായിരുന്നു. എന്നാൽ, മരുന്ന് നൽകുന്നതിന് മുൻപ് രോഗിയുടെ മുൻകാല മെഡിക്കൽ ചരിത്രമോ അലർജിയോ പരിശോധിക്കാൻ ഇരുവരും തയ്യാറായില്ലെന്ന് കോടതി കണ്ടെത്തി. രോഗിക്ക് പ്രത്യേക മരുന്നുകളോട് അലർജിയുണ്ടെന്ന കാര്യം മെഡിക്കൽ റെക്കോർഡിൽ രേഖപ്പെടുത്തിയിരുന്നെങ്കിലും ഇത് ശ്രദ്ധിക്കാതെ കുത്തിവെയ്പ്പ് എടുത്തതോടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ആരോഗ്യ പ്രൊഫഷണൽ പ്രാക്ടീസ് നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമാണ് ഇവിടെ നടന്നതെന്ന് മൂന്ന് വിദഗ്ദ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ കമ്മിറ്റിയും കോടതിയെ അറിയിച്ചു. വിചാരണ വേളകളിൽ നഴ്‌സിന്റെ ഭാഗത്തുനിന്ന് വിശദീകരണങ്ങൾ ഒന്നും ഉണ്ടാകാതിരുന്നതും അബ്‌ഷെർ (Absher) വഴിയുള്ള കോടതി സന്ദേശങ്ങൾ ശ്രദ്ധിക്കാതിരുന്നതും യാത്രാവിലക്കും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലും ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കാര്യങ്ങളെ എത്തിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ ഈ മലയാളി നഴ്‌സിനെ സഹായിക്കാനായി നിലവിൽ സുഹൃത്തുക്കളും ‘അൽ അഹ്സ നഴ്‌സസ് അസോസിയേഷനും’ രംഗത്തെത്തിയിട്ടുണ്ട്. ഇവർക്ക് ആവശ്യമായ നിയമസഹായവും സാമ്പത്തിക പിന്തുണയും എത്തിക്കാനുള്ള ശ്രമങ്ങൾ പ്രവാസി കൂട്ടായ്മകൾ വഴി ആരംഭിച്ചിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Patient dies due to medical error; Court orders compensation of 3 lakh riyals to Malayali nurse and doctor in Saudi Arabia










