തനിക്കെതിരെ ഉയർന്നു വന്ന പീഡന പരാതി അടിസ്ഥാനരഹിതമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ. പരാതിക്ക് പിന്നിൽ സ്വത്ത് തർക്കമാണെന്നും, ഏത് അന്വേഷണത്തെയും നേരിടാൻ താൻ തയ്യാറാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പരാതിക്കാരി 2014-ൽ തന്നെ സമാനമായ ഒരു പീഡന പരാതി നൽകിയിരുന്നെന്നും, എന്നാൽ അതിൽ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നുവെന്നും കൃഷ്ണകുമാർ പറഞ്ഞു. സ്വത്ത് തർക്ക കേസിൽ അനുകൂല വിധി നേടുന്നതിന് വേണ്ടിയാണ് യുവതി ലൈംഗിക പീഡന ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പരാതിക്കാരി തനിക്കെതിരെ രണ്ട് കേസുകളാണ് നൽകിയിരുന്നത്. ഒന്ന് സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട സിവിൽ കേസും മറ്റൊന്ന് ലൈംഗിക പീഡന പരാതിയുമാണ്. 2014-ൽ ഭാര്യപിതാവ് എഴുതിവെച്ച വിൽപത്രത്തെ ചൊല്ലിയുണ്ടായ തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഈ തർക്കത്തിന് പിന്നാലെയാണ് പോലീസ് സ്റ്റേഷനിൽ പീഡന പരാതി നൽകിയത്.
എന്നാൽ, 2014-ൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ലൈംഗിക പീഡനാരോപണം തള്ളിക്കളയുകയും, 2024-ൽ ഈ കേസിൽ തനിക്ക് അനുകൂലമായി വിധി വരുകയും ചെയ്തുവെന്ന് കൃഷ്ണകുമാർ പറഞ്ഞു. അതുപോലെ, സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട സിവിൽ കേസിൽ 2023-ൽ അനുകൂല വിധി ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ആരോപണങ്ങളെ ‘നനഞ്ഞ പടക്കം’ എന്നാണ് കൃഷ്ണകുമാർ വിശേഷിപ്പിച്ചത്. വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആരോപണങ്ങൾക്ക് പിന്നിൽ പാർട്ടി വിട്ടുപോയ ‘അസുരവിത്ത്’ ആണെന്നും, സന്ദീപ് വാര്യരെ പരിഹസിച്ചുകൊണ്ട്, ‘തേങ്ങ ഉടയ്ക്ക് സ്വാമീ’ എന്ന് പറഞ്ഞ് നനഞ്ഞ പടക്കമാണ് പൊട്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സമരത്തിൽ നിന്ന് തന്നെ പിന്തിരിപ്പിക്കില്ലെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. പാർട്ടി അധ്യക്ഷൻ വിശദീകരണം ആവശ്യപ്പെട്ടാൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് പാലക്കാട് സ്വദേശിനി പരാതി നൽകിയത്. സി.കൃഷ്ണകുമാറിന്റെ അടുത്ത ബന്ധു കൂടിയായ യുവതി ഇന്നലെയാണ് രാജീവ് ചന്ദ്രശേഖറിനു പരാതി ഇ മെയിലിൽ അയച്ചത്. വർഷങ്ങൾക്കു മുൻപ് കൃഷ്ണകുമാർ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
‘കുറച്ചു നാളുകൾക്കു മുൻപ് കൃഷ്ണകുമാർ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം വല്ലാത്ത ഞെട്ടലാണുണ്ടാക്കിയത്. ബിജെപിയിലെ മുതിർന്ന നേതാക്കളോടു പരാതിപ്പെട്ടു. എളമക്കരയിൽ ആർഎസ്എസ് കാര്യാലയത്തിൽ പോയി ഗോപാലൻകുട്ടി മാസ്റ്ററെ നേരിട്ടു കണ്ടു പരാതി അറിയിച്ചു. വി.മുരളീധരൻ, എം.ടി.രമേശ്, അന്നത്തെ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി സുഭാഷ് എന്നിവരെയും കണ്ടിരുന്നു. കൃഷ്ണകുമാറിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും നീതി ലഭിക്കുമെന്നും അവർ ഉറപ്പു നൽകി. എന്നാൽ എന്റെ പരാതി അവഗണിച്ച് ഒറ്റപ്പെടുത്തുന്ന ദൗർഭാഗ്യകരമായ നടപടിയാണ് ഉണ്ടായത്.
ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പ്രതിഷേധത്തിന്റെ മുന്നിൽ കൃഷ്ണകുമാർ ഉണ്ട്. അതിന് ഒരു തരത്തിലുള്ള ധാർമികതയും അദ്ദേഹത്തിനില്ല. പാർട്ടി പദവി ദുരുപയോഗപ്പെടുത്തി അഴിമതി നടത്തുകയും മറ്റുള്ളവരെ പീഡിപ്പിക്കുകയുമാണ് കൃഷ്ണകുമാർ ചെയ്യുന്നത്. ഇത് പാർട്ടിയുടെ പ്രതിഛായ തകർക്കുന്ന നടപടിയാണ്. എന്റെ പരാതി ഗൗരവത്തിലെടുത്ത് നീതി ഉറപ്പാക്കണം. സ്ത്രീകളുടെ അന്തസ് ഉയർത്തിപ്പിടിക്കാനും പാർട്ടിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനും കൃഷ്ണകുമാറിനെ ബിജെപിയിൽനിന്ന് പുറത്താക്കണമെന്ന് അഭ്യർഥിക്കുന്നു’. ഇങ്ങനെയാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പരാതി ലഭിച്ചുവെന്നും നടപടി സ്വീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖറിന്റെ ഓഫിസ് പരാതിക്കാരിയെ അറിയിച്ചിട്ടുണ്ട്.
complains against C. Krishnakumar; Reply says it's a game of Asuravit who left the party



