ന്യൂയോർക്ക്: LinkedIn ഉൾപ്പെടെയുള്ള പ്രൊഫഷണൽ ജോബ് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ചൈനീസ് ചാരന്മാർ വൻതോതിൽ രഹസ്യവിവരങ്ങൾ ചോർത്തുന്നതായി അന്താരാഷ്ട്ര രഹസ്യാന്വേഷണ സഖ്യമായ ‘ഫൈവ് ഐസ്’ (Five Eyes) മുന്നറിയിപ്പ് നൽകി. അമേരിക്ക, കാനഡ, ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ അഞ്ച് രാജ്യങ്ങൾ ഉൾപ്പെടുന്ന സഖ്യമാണ് സംയുക്ത പ്രസ്താവനയിലൂടെ ഈ അപൂർവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ആദ്യമായാണ് ചൈനീസ് ചാരവൃത്തിക്കെതിരെ ഈ രാജ്യങ്ങൾ ഇത്തരമൊരു സംയുക്ത നീക്കം നടത്തുന്നത്. ചൈനീസ് സൈനിക ഇന്റലിജൻസ് റിക്രൂട്ടർമാരുടെ വേഷമണിഞ്ഞ് വിദേശനയം, പ്രതിരോധം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ വിദഗ്ധരെ ലക്ഷ്യമിട്ട് വ്യാജ തൊഴിൽ പരസ്യങ്ങൾ നൽകുന്നുണ്ടെന്ന് യുകെയുടെ എംഐ5 (MI5) ഉൾപ്പെടെയുള്ള ഏജൻസികൾ വ്യക്തമാക്കുന്നു.
ലിങ്ക്ഡ്ഇൻ കൂടാതെ ഇൻഡീഡ് (Indeed), അപ്വർക്ക് (Upwork) തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകളിലാണ് ചൈനീസ് ഗൂഢചാര ഉദ്യോഗസ്ഥർ സജീവമായിരിക്കുന്നത്. ചൈനയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളെന്ന വ്യാജേന, തികച്ചും യഥാർത്ഥമെന്ന് തോന്നിക്കുന്ന കൺസൾട്ടൻസികളും തിങ്ക് ടാങ്കുകളും എച്ച് ആർ വിഭാഗങ്ങളും ഇവർ ഇതിനായി സൃഷ്ടിക്കുന്നു. ഗവൺമെന്റ്, പ്രതിരോധം, വിദേശകാര്യം എന്നീ മേഖലകളിൽ നിർണ്ണായക വിവരങ്ങൾ കൈകാര്യം ചെയ്യാൻ അനുമതിയുള്ള പ്രഗത്ഭരുടെ വ്യക്തിഗത റെസ്യൂമുകൾ (CV) ശേഖരിക്കുകയും അതിൽ നിന്ന് തങ്ങൾക്ക് ആവശ്യമുള്ളവരെ തരംതിരിച്ച് തിരഞ്ഞെടുക്കുകയുമാണ് ഇവരുടെ രീതി.
വ്യക്തികളെ കണ്ടെത്തിയ ശേഷം ഇവർ ഓൺലൈനായി വെർച്വൽ ഇന്റർവ്യൂകൾ നടത്തുകയും അപേക്ഷകരുടെ ഔദ്യോഗിക ബന്ധങ്ങൾ, സൈനിക യൂണിറ്റുകൾ, തന്ത്രപ്രധാനമായ ബേസുകൾ എന്നിവയെക്കുറിച്ച് വളരെ തന്ത്രപൂർവ്വം ചോദ്യങ്ങൾ ചോദിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. രണ്ടാം ഘട്ടമായി, ഇന്ത്യ-പസഫിക് മേഖലയിലെ പ്രതിരോധം, അന്താരാഷ്ട്ര വ്യാപാരം, ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം തുടങ്ങിയ വിഷയങ്ങളിൽ ‘ട്രയൽ റിപ്പോർട്ടുകൾ’ തയ്യാറാക്കാൻ ആവശ്യപ്പെടും. അപേക്ഷകരിൽ വിശ്വാസം ജനിപ്പിച്ച ശേഷം എൻക്രിപ്റ്റഡ് മെസ്സേജിങ് ആപ്പുകളിലേക്ക് സംഭാഷണം മാറ്റുകയും, കൂടുതൽ പ്രിവിലേജ്ഡ് ആയ സെൻസിറ്റീവ് വിവരങ്ങൾ ചോർത്തി നൽകുന്നതിന് പകരമായി ക്രിപ്റ്റോകറൻസി വഴിയും മറ്റും നൂറ് മുതൽ ആയിരക്കണക്കിന് ഡോളർ വരെ പ്രതിഫലം നൽകുകയുമാണ് ചാരന്മാരുടെ പ്രവർത്തന ശൈലി.
പ്രതിരോധം, വിദേശകാര്യം, സുരക്ഷാ നയങ്ങൾ എന്നിവയിൽ നാഷണൽ സെക്യൂരിറ്റി ക്ലിയറൻസ് ഉള്ള ഉദ്യോഗസ്ഥരെയാണ് ചൈനീസ് ഏജന്റുമാർ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇവർക്ക് പുറമെ ഇൻഡോ-പസഫിക് മേഖലയിലെ സൈനിക ഉദ്യോഗസ്ഥർ, ഔദ്യോഗിക വിവരങ്ങളിലേക്ക് ആക്സസ് ഉള്ള അക്കാദമിക് വിദഗ്ദ്ധർ, ജേണലിസ്റ്റുകൾ, ഫ്രീലാൻസ് എഴുത്തുകാർ, പോളിസി അനലിസ്റ്റുകൾ എന്നിവരെയും ചൈനീസ് ചാരന്മാർ വലയിലാക്കാൻ ശ്രമിക്കുന്നുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ പരസ്യമായി ലഭ്യമായവയാണെങ്കിൽ പോലും, അവ ഒരുമിച്ച് ചേർത്ത് വലിയൊരു തന്ത്രപ്രധാന ചിത്രം (Operational Picture) രൂപപ്പെടുത്താൻ ചൈനയ്ക്ക് സാധിക്കുമെന്നാണ് ഫൈവ് ഐസ് സഖ്യം ചൂണ്ടിക്കാണിക്കുന്നത്.
Chinese espionage through LinkedIn; ‘Five Eyes’ alliance warns
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









