ബീജിംഗ്: ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയുടെ അനുസ്മരണം തടയാൻ വിചിത്ര വഴിയുമായി ചൈനീസ് അധികൃതർ. ബീജിംഗിലെ കനേഡിയൻ എംബസി വളപ്പിലെ എൽ.ഇ.ഡി. സ്ക്രീനിൽ അനുസ്മരണത്തിന് തിരിതെളിയിക്കുന്നത് മറയ്ക്കാനായി അധികൃതർ സ്ക്രീനിന് തൊട്ടുമുന്നിൽ കൂറ്റൻ മരങ്ങൾ വെച്ചുപിടിപ്പിച്ചതായി വെളിപ്പെടുത്തൽ. കനേഡിയൻ മാധ്യമമായ സി.ബി.സി. ന്യൂസ് വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട രേഖകളിലാണ് ഈ വിവരമുള്ളത്.

ജൂൺ 4-ലെ അനുസ്മരണത്തിന് മൂന്ന് ദിവസം മുൻപാണ് നഗരസഭാധികൃതർ എംബസി മതിലിനോട് ചേർന്ന് മരങ്ങൾ നട്ടത്. കഴിഞ്ഞ വർഷം ഇതേ സ്ക്രീൻ മറയ്ക്കാനായി വലിയൊരു ക്രെയിൻ ഉപയോഗിച്ച് തടസ്സം സൃഷ്ടിക്കുകയായിരുന്നു ചൈന ചെയ്തത്. 1989-ൽ ജനാധിപത്യപരമായ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങിയ ആയിരക്കണക്കിന് ആളുകളെയാണ് ചൈനീസ് സൈന്യം ടിയാനൻമെൻ സ്ക്വയറിൽ വെച്ച് അടിച്ചമർത്തിയത്
ചൈനയുമായുള്ള നയതന്ത്ര വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്താൻ കാനഡ ശ്രമിക്കുന്നതിനിടയിലാണ് ഈ സംഭവം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.എന്നാൽ, ഇതിലും വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത് കാനഡയുടെ ഗ്ലോബൽ അഫയേഴ്സ് എടുത്ത നിലപാടാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സിൽ’ (X) പങ്കുവെക്കാനായി ആദ്യം തയ്യാറാക്കിയ പ്രസ്താവന അവസാന നിമിഷം ഗ്ലോബൽ അഫയേഴ്സ് ഒഴിവാക്കി. പകരം, ഇരകളായ കുടുംബങ്ങളോട് അനുശോചനം മാത്രം അറിയിക്കുന്ന ഒറ്റ വരി പോസ്റ്റാണ് കാനഡ പുറത്തുവിട്ടത്.
Also Read: എക്സ്പ്രസ് എൻട്രിയിൽ നിർണ്ണായക മാറ്റം: LMIA ഒഴിവാക്കി; പകരം പുതിയ സംവിധാനം
മുൻ വർഷങ്ങളിൽ ചൈനയോട് മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കാൻ പരസ്യമായി ആവശ്യപ്പെട്ടിരുന്ന കാനഡ, ഇത്തവണ ‘മസാക്കർ’ എന്ന വാക്കിന് പകരം ‘ക്രാക്ക്ഡൗൺ’ എന്ന് മാത്രമാണ് പ്രസ്താവനയിൽ ഉപയോഗിച്ചത്. ചൈനയെ പ്രീണിപ്പിക്കാൻ വേണ്ടി കാനഡ തങ്ങളുടെ വാക്കുകളിൽ മനഃപൂർവം അയവ് വരുത്തിയെന്ന് കനേഡിയൻ പ്രതിപക്ഷ നേതാക്കളും രാഷ്ട്രീയ നിരീക്ഷകരും രൂക്ഷമായി വിമർശിച്ചു. വരാനിരിക്കുന്ന എ.പി.ഇ.സി (APEC) ഉച്ചകോടിയിൽ പ്രധാനമന്ത്രി മാർക്ക് കാർണി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി വീണ്ടും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഈ പുതിയ വിവാദം പുറത്തുവരുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




