ഒട്ടാവ: കഴിഞ്ഞ വർഷം കിങ് ചാൾസ് കാനഡയിൽ നടത്തിയ 24 മണിക്കൂർ സന്ദർശനത്തിനായി ചിലവായത് 2.6 ദശലക്ഷം ഡോളറിലധികം ആണെന്ന കണക്കുകൾ പുറത്തുവന്നു. കനേഡിയൻ നികുതിദായകർക്ക് വലിയ ഭാരമായി മാറിയ ഈ സന്ദർശനത്തിന്റെ ചിലവ് ഓരോ മിനിറ്റിലും 1,830 ഡോളറിലധികം വരുമെന്ന് സിടിവി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഭരണഘടനാപരമായ കടമകൾ നിർവഹിക്കാനായി എത്തിയ കിംഗ് ചാൾസിന്റെ സന്ദർശനത്തിന് ഇത്രയധികം തുക ചിലവാക്കിയതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധം ഉയരുകയാണ്.
സന്ദർശനത്തിന്റെ ഭാഗമായി വ്യോമസേന നടത്തിയ ആദരസൂചകമായ ഫ്ലൈഓവറിന് മാത്രം 8,70,000 ഡോളറാണ് ചിലവായത്. ഇതിന് പുറമെ സുരക്ഷാ ക്രമീകരണങ്ങൾക്കായി 8,60,000 ഡോളറും വിമാന-റോഡ് ഗതാഗത സൗകര്യങ്ങൾക്കായി 3,70,000 ഡോളറും ചിലവിട്ടു. ദേശീയ പ്രതിരോധ വകുപ്പാണ് ഈ തുകയുടെ പകുതിയോളം വഹിച്ചത്. രാജാവിനും സംഘത്തിനുമായി വിമാനത്തിൽ കരുതിയ ഭക്ഷണത്തിനും ലഘുഭക്ഷണത്തിനുമായി 70,000 ഡോളറിലധികം ചിലവായതായും രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ രാജാവിനായി എത്ര ആപ്പിൾ ജ്യൂസ് വാങ്ങി എന്നതുപോലുള്ള ചില വിവരങ്ങൾ സർക്കാർ രേഖകളിൽ നിന്ന് ബോധപൂർവ്വം മറച്ചുപിടിച്ചത് കൗതുകകരമാണ്.
ഇത്രയും വലിയ തുക ധൂർത്തടിച്ചതിനെതിരെ ക്യുബെക്ക് എംപി സാവിയർ ബർസലോ-ഡുവാൽ രംഗത്തെത്തി. കാലഹരണപ്പെട്ടതും കൊളോണിയൽ അവശിഷ്ടവുമായ ഈ സംവിധാനത്തിന് വേണ്ടി ജനങ്ങളുടെ പണം ചിലവാക്കുന്നത് അനാവശ്യമാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ കാനഡയുടെ ഐക്യത്തിന്റെ പ്രതീകമാണ് രാജകുടുംബമെന്നും ഈ തുക രാജ്യത്തിന്റെ ഭരണപരമായ സുരക്ഷിതത്വത്തിന് നൽകുന്ന ചെറിയ വില മാത്രമാണെന്നുമാണ് മോണാർക്കിസ്റ്റ് ലീഗ് ഓഫ് കാനഡ പ്രതികരിച്ചത്. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണപ്രകാരം എത്തിയ രാജാവിന്റെ ഈ ചിലവ് വിവരങ്ങൾ ഇപ്പോൾ കാനഡയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
King Charles spent 24 hours in Canada. Here’s how much it cost taxpayers.




