ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യൻ സായുധ സേനയിൽ ചേർന്നത് 217 ഇന്ത്യൻ പൗരന്മാരാണെന്നും ഇതിൽ 49 പേർ സംഘർഷത്തിൽ കൊല്ലപ്പെട്ടുവെന്നും സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ. റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന 26 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ കേന്ദ്രം വെള്ളിയാഴ്ച നിലപാട് വ്യക്തമാക്കിയത്. ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തതിനെ തുടർന്ന് നിരവധി യുവാക്കൾ സ്വമേധയാ സൈന്യത്തിന്റെ ഭാഗമാവുകയായിരുന്നുവെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പ്രതിമാസം 2,500 യുഎസ് ഡോളർ ശമ്പളം, 5,000 ഡോളർ ബോണസ്, റഷ്യൻ പൗരത്വം എന്നിവ വാഗ്ദാനം ചെയ്താണ് ഇന്ത്യൻ യുവാക്കളെ പ്രധാനമായും ആകർഷിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ യുദ്ധത്തിൽ മരണപ്പെട്ടാൽ 1.4 കോടി രൂപയോളം ധനസഹായവും വാഗ്ദാനം ചെയ്തിരുന്നു. കേന്ദ്ര സർക്കാർ നടത്തിയ നിരന്തരമായ നയതന്ത്ര ഇടപെടലുകളുടെ ഫലമായി 139 പേരെ ഇതിനകം സൈനിക കരാറുകളിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ 6 പേരുടെ തിരോധാനം റഷ്യൻ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും 23 പേരെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭ്യമല്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഹർജിയിൽ ചൂണ്ടിക്കാണിച്ച 26 പേരിൽ 14 പേർ മരണപ്പെട്ടതായാണ് ഒടുവിലത്തെ വിവരം.
കാണാതായവരെ കണ്ടെത്താനും മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുമായി 21 കുടുംബങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് റഷ്യക്ക് കൈമാറിയിട്ടുണ്ട്. നിലവിൽ എട്ട് പേരുടെ മൃതദേഹങ്ങൾ ഔദ്യോഗിക ചെലവിൽ നാട്ടിലെത്തിച്ചു. അതേസമയം, വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കും മനുഷ്യക്കടത്ത് സംഘങ്ങൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും സംഘർഷ മേഖലകളിലേക്ക് ജോലിക്ക് പോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സർക്കാർ വ്യക്തമാക്കി. കേസിൽ ഇരകളുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ഉറപ്പാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ റിപ്പോർട്ട് പരിശോധിച്ച ശേഷം സുപ്രീം കോടതി അടുത്ത ദിവസം വീണ്ടും വാദം കേൾക്കും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
49 Indians killed in Russian war; 217 in army; Central government submits report to Supreme Court










