ഒട്ടാവ: കാനഡയിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വൻ കുറവ് രേഖപ്പെടുത്തിയതായി പുതിയ പഠന റിപ്പോർട്ട്. സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം കഴിഞ്ഞ 14 മാസമായി അമേരിക്കയിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ തുടർച്ചയായ ഇടിവാണ് രേഖപ്പെടുത്തുന്നത്. പ്രാഥമിക കണക്കുകൾ പ്രകാരം 25 ശതമാനം കുറവാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, മൊബൈൽ ഫോൺ ഡാറ്റ കേന്ദ്രീകരിച്ച് ടൊറോന്റോ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ സന്ദർശകരുടെ എണ്ണത്തിൽ ശരാശരി 42 ശതമാനത്തിന്റെ കുറവുണ്ടായതായി കണ്ടെത്തി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളും കാനഡയ്ക്ക് മേൽ താരിഫ് ഏർപ്പെടുത്തുമെന്ന ഭീഷണികളും ഉയർത്തിയ രാഷ്ട്രീയ സംഘർഷങ്ങളാണ് ഈ മാറ്റത്തിന് പ്രധാന കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ‘സ്‌കൂൾ ഓഫ് സിറ്റീസ്’ വിഭാഗത്തിലെ ഗവേഷകരായ കരൻ ചാപ്പിൾ, യിഹോയ് ജംഗ്, ജെഫ് ആലൻ എന്നിവർ ചേർന്ന് ‘മാപ്പിംഗ് താരിഫ്സ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പഠനം നടത്തിയത്. 2024 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിലെ മൊബൈൽ ഫോൺ ടാറ്റ പരിശോധിച്ചപ്പോൾ കാനഡക്കാരുടെ ബിസിനസ് യാത്രകളും വിനോദസഞ്ചാരവും ഒരുപോലെ കുറഞ്ഞതായാണ് വ്യക്തമാകുന്നത്.
അമേരിക്കയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മർട്ടിൽ ബീച്ച് (65.4%), ഫ്ലോറിഡയിലെ ഓർലാൻഡോ, മയാമി തുടങ്ങിയ നഗരങ്ങളിലാണ് സന്ദർശകരുടെ എണ്ണത്തിൽ കൂടുതൽ ഇടിവുണ്ടായത്. പഠനവിധേയമാക്കിയ 267 അമേരിക്കൻ നഗരങ്ങളിൽ 50 പ്രധാന മെട്രോ മേഖലകളിൽ യാത്രക്കാരുടെ എണ്ണം പകുതിയോ അതിലധികമോ കുറഞ്ഞു. അതേസമയം, അമേരിക്കയിലേക്കുള്ള യാത്രകൾ കുറഞ്ഞതോടെ കാനഡയ്ക്കുള്ളിലെ ആഭ്യന്തര യാത്രകളിൽ വലിയ വർധനവുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. സന്ദർശകർ കുറഞ്ഞത് അമേരിക്കൻ നഗരങ്ങളിലെ വ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canadians abandon America; Visitor numbers drop 42 percent; Travel prices drop sharply




