തീവ്രവാദ കുറ്റകൃത്യങ്ങൾക്ക് അമേരിക്കയിൽ ശിക്ഷിക്കപ്പെട്ട, അൽ-ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദനുമായി നേരിട്ട് ബന്ധമുള്ള അബ്ദുല്ല വാർസാമെയെന്ന കനേഡിയൻ സ്വദേശി മോൺട്രിയലിൽ അറസ്റ്റിൽ. മെയ് ആറിന് മോൺട്രിയലിൽ ധാരാളം ആളുകളെ കൊല്ലുമെന്ന് ഇയാൾ ഭീഷണി മുഴക്കിയതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് പറയുന്നു.
അബ്ദുല്ല വാർസാമെ 2000-ത്തിൽ അഫ്ഗാനിസ്ഥാനിലെ അൽ-ഖ്വയ്ദ പരിശീലന ക്യാമ്പിൽ പങ്കെടുക്കുകയും, അവിടെ വെച്ച് ബിൻ ലാദനെ നേരിൽ കണ്ടെന്നും, ഗ്രൂപ്പിനായി ജോലി ചെയ്തെന്നും യുഎസ് അധികൃതർ പറഞ്ഞു. 2009-ൽ അമേരിക്കയിലെ ഫെഡറൽ കോടതിയിൽ അൽ-ഖ്വയ്ദയ്ക്ക് പിന്തുണ നൽകിയതിന് കുറ്റസമ്മതം ചെയ്തതോടെയാണ് ഇയാൾ ഒരു വർഷത്തോളം തടവിൽ കഴിയുകയും പിന്നീട് കാനഡയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തത്.
അബ്ദുല്ല വാർസാമെയുടെ ഭീഷണിയെ തുടർന്ന് മൊണ്ട്രിയൽ പോലീസ് ആർസിഐഎംപിയ്ക്ക് വിവരങ്ങൾ കൈമാറുകയും കേസ് ദേശീയ സുരക്ഷ അന്വേഷണ വിഭാഗമായ ഇൻസെറ്റ് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോഴും ഇതിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. വാർസാമിന്റെ ചരിത്രം ഭീകരസംഘടനകളുമായി ആഴത്തിൽ ബന്ധപ്പെട്ടു നിന്നതിനാൽ, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭീഷണിക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്ന് സുരക്ഷാനിരീക്ഷകർ വിലയിരുത്തുന്നു. ഫെഡറൽ അന്വേഷണ സംഘം കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഇപ്പോഴും തെളിവുകൾ ശേഖരിക്കുകയാണ്.
1989-ൽ 17-ാം വയസ്സിൽ സൊമാലിയയിലെ ആഭ്യന്തരയുദ്ധത്തിൽ നിന്ന് അഭയാർത്ഥിയായി കാനഡയിലെത്തിയ അബ്ദുല്ല വാർസാമെ ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് ടൊറന്റോ നിവാസിയായിരുന്നുവെന്ന് യുഎസ് കോടതി വ്യക്തമാക്കുന്നു. വർഷങ്ങൾക്ക് ശേഷം അദ്ദേഹം കനേഡിയൻ പൗരനായി.






