സെന്റ് പീറ്റേഴ്സ് ബേ: കാർഷിക മേഖലയിൽ കീടനാശിനി തളിക്കുന്നതിനായി ഡ്രോണുകളുടെ ഉപയോഗം വ്യാപിപ്പിക്കാൻ കനേഡിയൻ ഫെഡറൽ സർക്കാർ അനുമതി നൽകിയതോടെ പുതിയ സാങ്കേതികവിദ്യയെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ കർഷകർ. വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും തളിക്കാൻ അനുമതിയുള്ള കീടനാശിനികൾ ഇനി ഡ്രോണുകൾ വഴിയും ഉപയോഗിക്കാമെന്നാണ് പുതിയ നയം. സാധാരണ ആകാശമാർഗ്ഗമുള്ള കീടനാശിനി പ്രയോഗത്തിന് നിരോധനമുള്ള ഇവിടെ, ഡ്രോണുകൾ ഉപയോഗിച്ച് കീടനാശിനി തളിക്കുന്നത് കർഷകർക്ക് വലിയ ആശ്വാസമാകും.
മഴയും ചെളിയും കാരണം വലിയ യന്ത്രങ്ങൾ ഇറക്കാൻ കഴിയാത്ത പാടങ്ങളിൽ പോലും ഡ്രോണുകൾ ഉപയോഗിച്ച് എളുപ്പത്തിൽ മരുന്ന് തളിക്കാം. വിളകൾക്ക് കേടുപാടുകൾ സംഭവിക്കില്ലെന്നതും, കൃഷിയിടത്തിലെ രോഗബാധയുള്ള പ്രത്യേക ഭാഗങ്ങളിൽ മാത്രം മരുന്ന് തളിക്കാൻ സാധിക്കുമെന്നതുമാണ് ഇതിന്റെ പ്രധാന നേട്ടം. ഇതിലൂടെ കീടനാശിനിയുടെ അളവും ചെലവും കുറയ്ക്കാനും പരിസ്ഥിതി ആഘാതം തടയാനും കഴിയുമെന്ന് പി.ഇ.ഐ പൊട്ടറ്റോ ബോർഡ് ഗവേഷകൻ റയാൻ ബാരറ്റ് ചൂണ്ടിക്കാട്ടുന്നു.
ജൂലൈയിൽ ഉരുളക്കിഴങ്ങ് പാടങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ, സാധാരണ യന്ത്രങ്ങൾ 100 ശതമാനം കീടങ്ങളെ നശിപ്പിച്ചപ്പോൾ ഡ്രോണുകൾ 96 ശതമാനം ഫലപ്രാപ്തി കൈവരിച്ചു. 500 ഏക്കർ കൃഷിയുള്ള ഒരാൾക്ക് കീടബാധയുള്ള 75 ഏക്കറിൽ മാത്രം ഡ്രോൺ ഉപയോഗിച്ചാൽ 12,750 ഡോളർ വരെ ലാഭിക്കാനാകുമെന്ന് ഗവേഷകർ കണക്കുകൂട്ടുന്നു.
READ MORE: 13 വർഷത്തെ കാത്തിരിപ്പിന് വിരാമം; GTA 6-ന് മെറ്റാക്രിട്ടിക്കിൽ 99 സ്കോർ!
ഒരു ഡ്രോണിനും അനുബന്ധ ഉപകരണങ്ങൾക്കുമായി ഏകദേശം ഒരു ലക്ഷം ഡോളറിൽ താഴെയാണ് ചെലവ് വരുന്നത്. പത്ത് ലക്ഷം ഡോളറോളം വിലവരുന്ന സാധാരണ സ്പ്രേയർ യന്ത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ലാഭകരമാണ്. എന്നാൽ ചില കളനാശിനികൾക്ക് ഇനിയും അനുമതി ലഭിക്കാത്തത് നിലവിലെ വെല്ലുവിളിയാണ്. കൂടാതെ, ഡ്രോൺ സാങ്കേതികവിദ്യ പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്ന് കർഷകനും ‘അഗ്രോണോം എ.ഐ’ സ്ഥാപകനുമായ ചാഡ് മൂണി അഭിപ്രായപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





