ന്യൂഡൽഹി: കാനഡയിലേക്ക് പഠനത്തിനായി പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ വാർത്തയുമായി കനേഡിയൻ ഹൈക്കമ്മീഷണർ ക്രിസ് കൂറ്റർ രംഗത്ത്. ഇന്ത്യൻ വിദ്യാർത്ഥികൾക്കായി കാനഡയുടെ വാതിലുകൾ അടച്ചിട്ടില്ലെന്നും, അപേക്ഷിക്കാൻ നിലവിൽ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

കാനഡയിൽ പഠിക്കാൻ എത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം കുറയുകയാണെന്ന തെറ്റിദ്ധാരണ വ്യാപകമാണെന്നും, അത് പൂർണ്ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലെ താമസ സൗകര്യങ്ങളുടെ കുറവും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരക്കുറവും കാരണം കുറച്ചു വർഷങ്ങൾക്ക് മുൻപ് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു എന്നത് സത്യമാണ്. എന്നാൽ, ആ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ 400,000 അന്താരാഷ്ട്ര വിദ്യാർത്ഥികളാണ് കാനഡയിൽ പഠിക്കുന്നത്. ഇത് യുഎസ്, യുകെ, ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെ ആകെ കണക്കുകളെക്കാൾ കൂടുതലാണ്. നിശ്ചയിച്ചിട്ടുള്ള പരിധിയേക്കാൾ താഴെയാണ് നിലവിൽ വിദ്യാർത്ഥികളുടെ എണ്ണമെന്നതിനാൽ, അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതൊരു മികച്ച അവസരമാണ്.
വിസ ലഭിക്കുന്നതിലെ കാലതാമസവും നടപടിക്രമങ്ങളിലെ ബുദ്ധിമുട്ടുകളും സർക്കാർ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി മാർക്ക് കാർനിയുടെ ഇന്ത്യാ സന്ദർശനത്തിന് ശേഷം, ഈ പ്രശ്നങ്ങൾ പരിഹരിച്ച് വിസ നടപടികൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകോത്തര നിലവാരമുള്ള കനേഡിയൻ സർവകലാശാലകൾ വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. അതിനാൽ ഇന്ത്യൻ വിദ്യാർത്ഥികൾ ഭയപ്പെടേണ്ടതില്ലെന്നും, കാനഡയിലേക്ക് ധൈര്യമായി അപേക്ഷിക്കാമെന്നും അദ്ദേഹം ഉറപ്പുനൽകി.
Canadian envoy says not shutting doors on Indian students
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




