വാഷിംഗ്ടൺ: യു.എസ് തെരഞ്ഞെടുപ്പുകളിൽ വ്യാജരേഖ ചമച്ച് നിയമവിരുദ്ധമായി വോട്ട് രേഖപ്പെടുത്തിയ രണ്ട് കനേഡിയൻ പൗരന്മാർക്കെതിരെ കേസ്. വിസ്കോൺസിനിൽ താമസക്കാരായ കനേഡിയൻ പൗരന്മാർക്കെതിരെയാണ് യു.എസ് അറ്റോർണി ഓഫീസ് നടപടിയെടുത്തത്. 2022-ലെ ഇടക്കാല തെരഞ്ഞെടുപ്പിലും 2024-ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുമാണ് ഇവർ അനധികൃതമായി വോട്ട് ചെയ്തതെന്ന് വെസ്റ്റേൺ ഡിസ്ട്രിക്റ്റ് ഓഫ് വിസ്കോൺസിൻ യു.എസ് അറ്റോർണി ഓഫീസ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഹേവാർഡിൽ താമസിച്ചിരുന്ന മോണിക് ഗിഗ്നാക്-യോച്ചം (60), സ്റ്റോട്ടണിൽ താമസിക്കുന്ന റോഡ്ജർ ഡെഡ്രിക് (66) എന്നിവരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടത്. മോണിക് 2022 നവംബർ 8-ലെ ഇടക്കാല തെരഞ്ഞെടുപ്പിലും 2024 നവംബർ 5-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തുകയായിരുന്നു. ഇവർക്ക് കുറ്റം തെളിയിക്കപ്പെട്ടാൽ ഒരു വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. റോഡ്ജർ ഡെഡ്രിക് 2024 ഓഗസ്റ്റ് 13-ന് യു.എസ് പൗരനാണെന്ന് വ്യാജമായി സത്യപ്രസ്താവന നൽകി വോട്ടർ പട്ടികയിൽ പേര് ചേർക്കുകയും നവംബർ 5-ലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുകയുമായിരുന്നു.
വ്യാജ സത്യപ്രസ്താവന നൽകിയതിന് റോഡ്ജറിന് അഞ്ച് വർഷം വരെ തടവും നിയമവിരുദ്ധമായി വോട്ട് ചെയ്തതിന് ഒരു വർഷം വരെ അധിക തടവും ലഭിച്ചേക്കാം. ഫെഡറൽ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും തുടർന്നുള്ള നിയമനടപടികൾക്കായി താത്കാലികമായി മോചിപ്പിച്ചു. അമേരിക്കൻ തെരഞ്ഞെടുപ്പിൽ വിദേശികൾ നിയമവിരുദ്ധമായി വോട്ട് ചെയ്യുന്നതിനെതിരെ കടുത്ത അന്വേഷണം നടക്കുന്നതിനിടെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





