ചണ്ഡീഗഢ്: കാനഡ ബോർഡർ സർവീസസ് ഏജൻസിയിലെ (CBSA) മുതിർന്ന ഉദ്യോഗസ്ഥനായ സന്ദീപ് സിംഗ് സിദ്ധു (സണ്ണി) ഇന്ത്യാ ഗവൺമെൻ്റിനെതിരെ 9 മില്യൺ ഡോളറിൻ്റെ (ഏകദേശം 75 കോടിയിലധികം ഇന്ത്യൻ രൂപ) അപകീർത്തി കേസ് ഫയൽ ചെയ്തു. തൻ്റെ ജീവിതത്തെയും കരിയറിനെയും തകർക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ സർക്കാർ ദുരുദ്ദേശ്യപരമായ തെറ്റായ പ്രചാരണം(malicious misinformation drive) ആസൂത്രണം ചെയ്തു എന്നാണ് ഒൻ്റാരിയോ സുപ്പീരിയർ കോടതിയിൽ ഫയൽ ചെയ്ത ഹർജിയിലെ പ്രധാന ആരോപണം.
ഹർജി പ്രകാരം, വിദേശ രാഷ്ട്രീയത്തിൽ യാതൊരു പങ്കുമില്ലാത്ത തന്നെ, സിഖ് എന്ന പേരിലും ദേശീയ സുരക്ഷാ യൂണിഫോമിലെ ഉദ്യോഗസ്ഥൻ എന്ന നിലയിലും ഇന്ത്യൻ അധികൃതർ മനപ്പൂർവ്വം ഒറ്റപ്പെടുത്തി. ഇന്ത്യൻ വാർത്താ ചാനലുകൾ കനേഡിയൻ ഗവൺമെൻ്റിൻ്റെ ശമ്പളത്തിൽ ജോലി ചെയ്യുന്ന ‘ഭീകരൻ’ (dreaded terrorist) ആയി ചിത്രീകരിച്ചു. അന്വേഷണ ഏജൻസികൾക്ക് ആവശ്യമുള്ള, തീവ്രവാദ ബന്ധമുള്ള ഒളിച്ചോടിയ വ്യക്തിയാണെന്ന് സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചു. ഖാലിസ്ഥാൻ തീവ്രവാദത്തെ കാനഡ പിന്തുണയ്ക്കുന്നു എന്ന് വരുത്തിത്തീർക്കാൻ വേണ്ടിയുള്ള ഇന്ത്യൻ പ്രൊപ്പഗൻഡ മെഷീൻ്റെ ഒരു ഉപകരണമായി തന്നെ ഉപയോഗിക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിക്കുന്നു.
വധഭീഷണികളും മാനസികാഘാതവും:
ഈ തെറ്റായ പ്രചാരണങ്ങളുടെ ഫലമായി സിദ്ധുവിൻ്റെ വ്യക്തിപരമായ വിവരങ്ങൾ ചോർത്തപ്പെടുകയും (doxxing) അദ്ദേഹത്തിന് നിരവധി വധഭീഷണികൾ ലഭിക്കുകയും ചെയ്തു. കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് ജോലി ഉപേക്ഷിച്ച് ഒളിവിൽ പോകേണ്ടിവന്ന അദ്ദേഹം, മദ്യപാനത്തിന് അടിമയായി ആശുപത്രിയിലെ പുനരധിവാസ കേന്ദ്രത്തിൽ ചികിത്സ തേടുകയും ചെയ്തു.
CBSA-യ്‌ക്കെതിരെയും കേസ്:
സംഭവം ജോലിയുമായി ബന്ധമില്ലാത്ത വിഷയം എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ സി.ബി.എസ്.എ.-യുടെ പ്രതികരണവും തനിക്ക് മാനസികമായി കൂടുതൽ വിഷമമുണ്ടാക്കിയെന്ന് സിദ്ധു പറയുന്നു. വേണ്ടത്ര സംരക്ഷണം നൽകുന്നതിൽ പരാജയപ്പെട്ടു എന്ന് ആരോപിച്ച് സി.ബി.എസ്.എ.-യെയും കേസിൽ പ്രതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കാനഡയിലുള്ള പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഒരു പ്രചാരണത്തിലും പങ്കില്ലെന്ന് ഇന്ത്യൻ അധികൃതർ ശക്തമായി നിഷേധിച്ചിട്ടുണ്ട്. മാനസികമായുണ്ടായ ബുദ്ധിമുട്ടുകൾ, നഷ്ടപ്പെട്ട വരുമാനം എന്നിവയ്ക്ക് നഷ്ടപരിഹാരം തേടിയുള്ള കേസിൽ 2026-ൽ പ്രാഥമിക വാദം കേൾക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canadian border officer sues Indian govt, seeks $9 million in damages






