കാനഡയിലെ ഏറ്റവും വലിയ കുറ്റവാളിയും ബ്ലഡ് ഫാമിലി മാഫിയയുടെ (BFM) തലവനുമായ ഡേവ് “പിക്” ടർമെലിനെ ഇറ്റലിയിൽ അറസ്റ്റ് ചെയ്തു. നോവോ ഇൻഫോയുടെ റിപ്പോർട്ടുകൾ പ്രകാരം, ടർമെൽ പോർച്ചുഗലിൽ ഒളിവിൽ താമസിച്ചു കൊണ്ട് ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിവരുകയായിരുന്നു.
ഒന്നര വർഷത്തിലേറെയായി ‘ഹെൽസ് ഏഞ്ചൽ’ മാഫിയ സംഘവുമായി ‘ബ്ലഡ് ഫാമിലി’ രൂക്ഷമായ സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഹെൽസ് ഏഞ്ചൽസിൽ നിന്ന് മയക്കുമരുന്ന് വാങ്ങാനോ അവരുടെ പ്രദേശത്ത് പ്രവർത്തിക്കുന്നതിന് പണം നൽകാനോ BFM തയ്യാറായിരുന്നില്ല. പകരം, മോൺട്രിയൽ മേഖലയിലെ ഗുണ്ടാസംഘങ്ങളിൽ നിന്നാണ് അവർ മയക്കുമരുന്ന് ശേഖരിച്ചത്. ഹെൽസ് ഏഞ്ചൽസ് അംഗങ്ങളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലും ഈ സംഘത്തിന് പങ്കുണ്ടെന്നും ഭയാനകമായ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നുവെന്നും പറയപ്പെടുന്നു.
മയക്കുമരുന്ന് കടത്ത്, ഗൂഢാലോചന, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ടർമെലിനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് ക്യൂബെക് സിറ്റി പോലീസ് (SPVQ) 250,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം ടർമെലിന്റെ രണ്ട് പ്രധാന കൂട്ടാളികളെ അറസ്റ്റ് ചെയ്തിരുന്നു. ബ്ലഡ് ഫാമിലി മാഫിയയുടെ (BFM) പ്രവർത്തനങ്ങൾ തകർക്കുന്നതിനുള്ള ശ്രമങ്ങളിൽ ഇതൊരു വലിയ മുന്നേറ്റമാണ്.






