ടൊറന്റോ: കാനഡ ഫസ്റ്റ് Anti immigration റാലി നാളെ ( സെപ്റ്റംബർ 13) നടക്കാനിരിക്കെ റാലിയെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് രംഗത്ത് വരുന്നത്. കാനഡയിലെ കുടിയേറ്റക്കാർക്കെതിരെ പ്രവർത്തിക്കുന്ന കാനഡ ഫസ്റ്റ് എന്ന സംഘടനയാണ് റാലിക്ക് പിന്നിൽ. ടൊറന്റോയിലെ ക്രിസ്റ്റി പിറ്റ്സ് പാർക്കിൽ സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരുന്ന റാലിക്കെതിരെ ഒരു പക്ഷം കാനഡക്കാർ കടുത്ത വിമർശനം ഉയർത്തുന്നുണ്ട്. നഗര കൗൺസിലർമാർ, സാമൂഹിക സംഘടനകൾ, തൊഴിലാളി യൂണിയനുകൾ, സാധാരണക്കാർ എന്നിവർ റാലിയെ എതിർത്ത് ഇതിനോടകം രംഗത്ത് എത്തിയിട്ടുണ്ട്. നിരവധിയാളുകൾ റാലിക്കെതിരെ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
““Stop Mass Immigration,” “Start Mass Deportations,” and “Remigration is Necessary.” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി നാളെ ഉച്ചയ്ക്ക് 1 മുതൽ 4 വരെ റാലി നടത്താനാണ് കാനഡ ഫസ്റ്റ് എന്ന സംഘടനയുടെ തീരുമാനം. എന്നാൽ കൗൺസിലർ ഡയാൻ സാക്സ് ഉൾപ്പെടെയുള്ളവർ ഇതിനോട് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. പരിപാടിക്ക് ശബ്ദാനുമതി നൽകാൻ വിസമ്മതിച്ച കൗൺസിലർ, ഹേറ്റ് ക്രൈംസ് യൂണിറ്റിനെയും പോലീസിനെയും വിവരം അറിയിക്കുകയും ചെയ്തു. മേയർ ഒലിവിയ ചൗവിനോട് നഗരത്തിന്റെ വൈവിധ്യവും സൗഹൃദപരമായ അന്തരീക്ഷവും സംരക്ഷിക്കണമെന്ന് റാലിയെ എതിർക്കുന്ന ആളുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കുടിയേറ്റ വിരുദ്ധ നിലപാടുകൾക്ക് മറുപടിയായി നിരവധി സാമൂഹിക സംഘടനകളും യൂണിയനുകളും ചേർന്ന് പ്രതിരോധ റാലി സംഘടിപ്പിക്കാൻ പദ്ധതിയിട്ടുണ്ട്. “No to Hate, Yes to Immigrants!” എന്ന മുദ്രാവാക്യമായിരിക്കും സംഘാടകർ പ്രതിരോധ റാലിയിൽ ഉയർത്തുക. കാനഡ ഫസ്റ്റ് റാലി നടക്കുന്ന ടൊറന്റോയിൽ തന്നെ അതെ ദിവസം ( നാളെ, സെപ്റ്റംബർ 13) ഉച്ചയ്ക്ക് 12 മണിക്കാണ് ഈ റാലി നടത്താൻ പദ്ധതിയിടുന്നത്. ഈ പരിപാടിയിൽ പ്രസംഗങ്ങൾ, സംഗീതപരിപാടി, ശിൽപശാലകൾ എന്നിവ ഉൾപ്പെടുത്തി കുടുംബങ്ങൾക്കും പങ്കുചേരാവുന്ന രീതിയിലാണ് ഒരുക്കങ്ങൾ നടക്കുന്നത്. അർബൻ അലയൻസ് ഓൺ റേസ് റിലേഷൻസ് അടക്കമുള്ള സംഘടനകൾ ഇതിനകം റാലിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ട് റാലികളും ഒരേ സ്ഥലത്ത് നടക്കുന്നതിനാൽ പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ക്രമസമാധാനം ഉറപ്പാക്കുമെന്നും ടൊറന്റോ പോലീസ് അറിയിച്ചു. കാനഡ ഫസ്റ്റ് സംഘടന വിവേചനപരമായ കുടിയേറ്റ നിയമങ്ങൾക്കായി വാദിക്കുമ്പോൾ, രാജ്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള ഒരു ആയുധമായാണ് ഈ സംഭവത്തെ കൗൺസിലർ സാക്സും മേയർ ചൗവും കാണുന്നത്. ഒരു വശത്ത് കുടിയേറ്റത്തെ ശക്തമായി എതിർക്കുന്ന കാനഡക്കാരെയും, മറുപക്ഷത്ത് അവരെ ചേർത്ത് പിടിച്ച് അവർക്കായി അണിനിരക്കുന്നവരെയും ആകും നഗരം നാളെ കാണാൻ പോകുന്നത്.
കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Anti-Immigration Rally in Toronto Sparks Strong Backlash






