ഒട്ടാവ: ഭീകരവാദക്കേസിൽ ശിക്ഷിക്കപ്പെട്ട തഹാവുർ റാണയുടെ കനേഡിയൻ പൗരത്വം റദ്ദാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ സർക്കാർ നടത്തുന്ന നീക്കങ്ങൾ കടുത്ത നിയമക്കുരുക്കിൽപ്പെട്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഫെഡറൽ കോടതിയിൽ പൗരത്വം റദ്ദാക്കാനുള്ള അപേക്ഷ ഇമിഗ്രേഷൻ വിഭാഗം സമർപ്പിച്ചിട്ടുണ്ടെങ്കിലും കേസ് ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.
2016-ൽ ജസ്റ്റിൻ ട്രൂഡോ സർക്കാർ പൗരത്വ നിയമത്തിൽ വരുത്തിയ ഭേദഗതിയാണ് റാണയുടെ കാര്യത്തിൽ കാനഡയ്ക്ക് തിരിച്ചടിയായത്. ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കെടുത്തുവെന്ന് തെളിഞ്ഞാൽ പൗരത്വം റദ്ദാക്കാം എന്ന വ്യവസ്ഥ അന്ന് സർക്കാർ എടുത്തുമാറ്റിയിരുന്നു. ഇതോടെ ഭീകരവാദത്തിന്റെ പേരിൽ റാണയുടെ പൗരത്വം നീക്കം ചെയ്യാൻ സാധിക്കാത്ത അവസ്ഥയായി. തുടർന്ന്, പൗരത്വത്തിനായി റാണ തെറ്റായ വിവരങ്ങൾ നൽകി എന്ന വാദം ഉയർത്തിയാണ് സർക്കാർ ഇപ്പോൾ മുന്നോട്ട് പോകുന്നത്.
2001-ൽ പൗരത്വം ലഭിക്കുന്ന സമയത്ത് താൻ കാനഡയിലെ ഒട്ടാവയിലാണ് താമസിച്ചിരുന്നതെന്ന് റാണ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ കാലയളവിൽ ഇയാൾ അമേരിക്കയിലെ ചിക്കാഗോയിലായിരുന്നുവെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ വഞ്ചനാക്കുറ്റം മുൻനിർത്തി പൗരത്വം റദ്ദാക്കാനാണ് ശ്രമമെങ്കിലും ഇത്തരം നടപടികൾ പൂർത്തിയാക്കാൻ പത്ത് വർഷത്തോളം എടുത്തേക്കാം എന്ന റിപ്പോർട്ടുകൾ കാനഡയുടെ സുരക്ഷാ സംവിധാനങ്ങൾക്കെതിരെയുള്ള കടുത്ത വിമർശനത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
മുൻ പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥനായ തഹാവുർ റാണ, ഭീകരൻ ഡേവിഡ് ഹെഡ്ലിയുമായി ചേർന്നാണ് 26/11 മുംബൈ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തിയത്. നിലവിൽ ഇന്ത്യയിലേക്ക് കൈമാറപ്പെട്ട റാണ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. ഭീകരവാദവുമായി ബന്ധമുള്ള ഒരാൾക്ക് കനേഡിയൻ പൗരത്വം തുടർന്നും ലഭിക്കുന്നത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നാണ് സുരക്ഷാ വിദഗ്ധരുടെ വിലയിരുത്തൽ.
Canada struggles to revoke citizenship of Mumbai attacks planner Tahawwur Rana
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




